Viral Video : 'ഇനിയെന്ത് വേണം, എല്ലാം ഉള്ളൊരു സവാരി; ഇത് ഒന്നൊന്നര ഓട്ടോറിക്ഷ തന്നെ
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അവിശ്വസനീയതയും അമ്പരപ്പും തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. ചെന്നൈ നഗരത്തില്‍ നിന്നുള്ള അണ്ണാ ദുരൈ എന്ന യുവാവിന്റെ ഓട്ടോറിക്ഷയില്‍ ഇപ്പറഞ്ഞ സൗകര്യങ്ങളെല്ലാമുണ്ട്. ഇവ മാത്രമല്ല, മറ്റ് പല സൗകര്യങ്ങളും ദുരൈയുടെ വണ്ടിക്കകത്തുണ്ട്
യാത്രയിലാകുമ്പോള്‍ നാം പലപ്പോഴും അവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടാറില്ലേ? ( Travel Guidelines) പെട്ടെന്ന് അത്യാവശ്യമായൊരു മെയില്‍ ചെക്ക് ചെയ്യാനോ, മെസേജ് അയക്കാനോ ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന സാഹചര്യമെല്ലാം ( Internet Availability ) ഇതന് ഉദാഹരണമാണ്.
അപ്പോള്‍ തന്നെ ആവശ്യം പോലെ ഇന്റര്‍നെറ്റ് വണ്ടിയില്‍ ലഭ്യമായാലോ! അല്ലെങ്കില്‍ ചൂടുകാലത്ത് ദാഹിച്ചുവരണ്ട്, വല്ലതും കുടിക്കാന്‍ കടകളെന്തെങ്കിലും തിരഞ്ഞ് ഇരിക്കുന്നതിന് പകരം നല്ല തണുത്ത ഡ്രിംഗ്‌സ് വണ്ടിയില്‍ തന്നെ കിട്ടിയാലോ!
അതുമല്ലെങ്കില്‍ ട്രാഫിക്കില്‍ ബോറടിച്ചുകിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ അല്ലാതെ മറ്റെന്തെഹ്കിലും വിനോദം വേണമെന്ന് തോന്നുമ്പോള്‍ വെറുതെ മറിച്ചുനോക്കാന്‍ ഇഷ്ടാനുസരണം മാഗസിനുകള്‍ അരികിലുണ്ടെങ്കിലോ!
ഇതെല്ലാമുള്ള ഒരു ഓട്ടോറിക്ഷയായാലോ? തമാശയല്ല, കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അവിശ്വസനീയതയും അമ്പരപ്പും തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. ചെന്നൈ നഗരത്തില്‍ നിന്നുള്ള അണ്ണാ ദുരൈ എന്ന യുവാവിന്റെ ഓട്ടോറിക്ഷയില്‍ ഇപ്പറഞ്ഞ സൗകര്യങ്ങളെല്ലാമുണ്ട്. ഇവ മാത്രമല്ല, മറ്റ് പല സൗകര്യങ്ങളും ദുരൈയുടെ വണ്ടിക്കകത്തുണ്ട്.
ചെറിയ ടിവി, തണുത്ത പാനീയങ്ങള്‍ക്ക് ചെറിയൊരു ഫ്രിഡ്ജ്, ടാബ്, ലാപ്‌ടോപ്, സ്‌നാക്‌സ്, ഫ്രീ വൈഫൈ, മാഗസിനുകള്‍, പത്രം, ഓണ്‍ലൈനായി പണം നല്‍കാന് കാര്‍ഡ് സൈ്വപിംഗ് മെഷീന്‍ എന്നുവേണ്ട സവാരിക്കാര്‍ക്ക് ഒരാവശ്യത്തിനും പുറത്തേക്ക് നോക്കേണ്ടാത്ത വിധം എല്ലാ സൗകര്യങ്ങളും ദുരൈയുടെ ഓട്ടോയിലുണ്ട്.
'ബെറ്റര്‍ ഇന്ത്യ'യാണ് ദുരൈയുടെ ഈ ഓട്ടോയെ പറ്റി വീഡിയോ വാര്‍ത്ത തയ്യാറാക്കിയത്. ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അടക്കമുള്ള പലരും ഇത് മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പങ്കുവയ്ക്കുന്നുണ്ട്.
ബിസിനസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം ദുരൈയുടെ ഓട്ടോയൊന്ന് കാണണമെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിസിനസ് അല്ല ദുരൈയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസിലാക്കാം.
വണ്ടിയില്‍ കയറുന്നവരെ, ദൈവമായാണ് ദുരൈ കണക്കാക്കുന്നത്. അവരില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് താന്‍ ജീവിച്ചുപോകുന്നത്, അതുകൊണ്ട് തന്നെ 'കസ്റ്റമര്‍ ദൈവമാണ്' എന്ന ആശയം അതേപടി മനസുകൊണ്ട് ഉള്‍ക്കൊള്ളുകയാണ് ഈ യുവാവ്.
ഇത്രയെല്ലാം സൗകര്യങ്ങളുണ്ടെങ്കിലും ഓട്ടോ ചാര്‍ജ് മറ്റെല്ലാം ഓട്ടോയുടെയും പോലെ തന്നെയാണ്. അതില്‍ കൂടുതലോ കുറവോ ഇല്ല. എന്നുമാത്രമല്ല, അധ്യാപകര്‍ക്കും അത്യാവശ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഫ്രീ സര്‍വീസും ദുരൈ നല്‍കാറുണ്ട്. അത്തരം ജോലികള്‍ ചെയ്യുന്നവര്‍ സമൂഹത്തില്‍ നിന്ന് ആദരം അര്‍ഹിക്കുന്നു എന്നാണ് ദുരൈ പറയുന്നത്.
ഏതായാലും കണ്ടവരെയെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ് ദുരൈയുടെ ഓട്ടോ. അതിലുമധികം ഈ യുവാവിന്റെ വാക്കുകളും ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചെന്നൈയിലെത്തിയാല്‍ കഴിയുമെങ്കില്‍ ദുരൈയെ കണ്ടേ മടങ്ങൂ എന്നാണ് മിക്കവരും കമന്റുകളില്‍ രേഖപ്പെടുത്തുന്നത്. ഏതായാലും അദ്ദേഹത്തിന്റെ വൈറലായ വീഡിയോ ഒന്ന് കാണാം...
Also Read:- 'പത്ത് രൂപയ്ക്ക് ഇത് മുതലാകുമോ?'; തെരുവുകച്ചവടക്കാരന്റെ വീഡിയോ