കഫേയില്‍ നിന്ന് ആദ്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓട്ടിസം ബാധിതനായ കുട്ടി; വീഡിയോ പങ്കുവച്ച് അമ്മ
ഓട്ടിസം ബാധിതനായ മകന്‍ റിലെ കഫേയില്‍ നിന്ന് തനിയെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം നല്‍കുന്നതിന്‍റെ വീഡിയോ ആണ് ഈ അമ്മ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് ഇന്നും കൃത്യമായ അറിവില്ല. ഓട്ടിസമുള്ള കുട്ടികളെ പലപ്പോഴും സമൂഹം ഒറ്റപ്പെടുത്താറുണ്ട്. ഇത് ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരിൽ 50% പേരും വിഷാദരോഗം അനുഭവിക്കുന്നതായി അടുത്തിടെ ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു.
ഇവിടെയിതാ തന്റെ ഓട്ടിസം ബാധിതനായ മകന്റെ വീഡിയോ പങ്കുവച്ച് സന്തോഷം അറിയിക്കുകയാണ് ഒരമ്മ. ഓട്ടിസം ബാധിതനായ മകന്‍ റിലെ കഫേയില്‍ നിന്ന് തനിയെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം നല്‍കുന്നതിന്‍റെ വീഡിയോ ആണ് ഈ അമ്മ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൗണ്ടറിലെത്തി ആത്മവിശ്വാസത്തോടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഓടി വരുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്ന് എന്റെ മകന്‍ ഇത് ചെയ്തുവെന്നും ഇത് കണ്ട് ഞാന്‍ കരഞ്ഞുപോയെന്നുമുള്ള കാപ്ഷനോടെയാണ് വീഡിയോ ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
'റിലെ ഓട്ടിസം ബാധിതനാണ്. സാമൂഹികപരമായും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സംസാരിക്കുന്നതിനും അവന് ബുദ്ധിമുട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. ഇന്ന് അവന്‍ സ്വന്തമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം നല്‍കിയിരിക്കുന്നു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരിക്കുന്നു'- വീഡിയോയിലൂടെ ആ അമ്മ പറയുന്നു. 17,000-ല്‍ അധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്‍റുകളാണ് എല്ലാവരും ചെയ്തത്.
Also Read: 'പുസ്തകങ്ങളുടെ മണം അലർജി, ഹോംവര്‍ക്ക് ചെയ്യാന്‍ പറ്റില്ല'; വൈറലായി കുറുമ്പന്‍റെ അസുഖം