ഏഴെട്ട് മാസത്തിന് ശേഷം കണ്ടപ്പോള്‍ അവര്‍ക്ക് 'വേറെ' എന്തൊക്കെ ചോദിക്കാമായിരുന്നു; യുവതിയുടെ കുറിപ്പ്

മിക്ക കൂടിക്കാഴ്ചകളിലെയും സംഭാഷണം ആരംഭിക്കുന്നത് ശരീരത്തിനെക്കുറിച്ചുള്ള കമന്റുകൾ ആയിപ്പോകുന്നത് എന്തു കൊണ്ടാണ്? ഇങ്ങനത്തെ കമന്റുകൾ മനുഷ്യനെ തളര്‍ത്തുന്നത് കുറച്ചൊന്നുമല്ല

Thara Nandikkara facebook post on health question

കോഴിക്കോട്: തടി കൂടിപോയി എന്ന് പരാതി പറയുന്നവര്‍ക്കെല്ലാം ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് താര എന്ന യുവതി. ഏറെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടുന്പോള്‍ തടി കൂടിയല്ലോ എന്ന ചോദിക്കുന്നതിലെ യുക്തിയാണ് താര ചോദ്യം ചെയ്യുന്നത്. എനിക്ക് തടി കൂടിയാല്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്നാണ് താര ചോദിക്കുന്നത്.

താരയുടെ കുറിപ്പ്

ഏഴെട്ടു മാസത്തിനു ശേഷം കണ്ട ഒരടുത്ത ബന്ധുവിന്റെ വായിൽ നിന്ന് ആദ്യം വീണ വാചകം : "നീ പിന്നേം തടിച്ചൂലോടീ!" പ്രായായ ആൾക്കാരല്ലേ, വിവരല്ല്യാത്തോരല്ലേ എന്നൊക്കെ പറയാൻ വരട്ടെ. എന്റെ അതേ പ്രായം ആണ് ഈ ചോദിച്ച ആൾക്ക്. പി എച്ച് ഡി ഒക്കെ ഉണ്ട്. അപ്പോൾ വിദ്യാഭ്യാസത്തിനും കൊറവൊന്നൂല്ല്യ. പിന്നെന്തു കൊണ്ടാണ് ഒരാളെ ഒരുപാട് കാലത്തിനു ശേഷം കാണുമ്പോൾ അയാൾക്ക് സന്തോഷം കൊടുക്കാത്ത ഒരു കാര്യം വെച്ച് സംഭാഷണം തുടങ്ങരുതെന്ന ബോധം മിക്കവർക്കും ഇല്ല്യാത്തത്? "കഴിഞ്ഞ തവണ കണ്ടപ്പോൾ നല്ല മുടിയുണ്ടായിരുന്ന നീ ഇപ്പോൾ പകുതി കഷണ്ടി ആയീലോ" എന്ന് തിരിച്ചു പറയാതിരിക്കാനുള്ള വിവേകം ഉള്ളതു കൊണ്ട് എന്തോ ഒരൊഴുക്കൻ മറുപടി പറഞ്ഞ് ഞാൻ അത് വിട്ടു.

മിക്ക കൂടിക്കാഴ്ചകളിലെയും സംഭാഷണം ആരംഭിക്കുന്നത് ശരീരത്തിനെക്കുറിച്ചുള്ള കമന്റുകൾ ആയിപ്പോകുന്നത് എന്തു കൊണ്ടാണ്? ഇങ്ങനത്തെ കമന്റുകൾ മനുഷ്യനെ തളര്‍ത്തുന്നത് കുറച്ചൊന്നുമല്ല. ഈ വക കമന്റുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം പലരും ബാംഗ്ലൂരിൽ വരുമ്പോഴോ ഞാൻ നാട്ടിൽ ഉണ്ടെന്നറിഞ്ഞ് കാണാമെന്ന് പറയുമ്പോഴോ മറ്റു പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട് (അങ്ങനത്തെ കമന്റുകൾ പറയാൻ സാധ്യതയുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും തിരിച്ചറിഞ്ഞ് ബോധപൂർവമുള്ള ഒഴിവാക്കൽ).

ഞാൻ എപ്പോൾ പ്രൊഫൈൽ പിക്ചർ മാറ്റുമ്പോഴും അപ്പോൾ തന്നെ ഫോൺ വിളിച്ച് നിന്റെ ഫോട്ടോസൊക്കെ നന്നാവണത് ഗൗതമിന് നന്നായി ഫോട്ടോ എടുക്കാൻ അറിയുന്നതു കൊണ്ടു മാത്രമാണെന്നും അല്ലാതെ നിന്നെ കാണാൻ നന്നായതു കൊണ്ടല്ല എന്നും ഒരോ തവണയും വിളിച്ചോർമ്മിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള സുഹൃത്താണെങ്കിൽ കൂടിയും അത് തമാശയാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് അവൾ പറയുന്നത് എന്നറിയാമെങ്കിൽ കൂടിയും എനിക്കത് വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. കഴിഞ്ഞ മാസവും ഇതാവർത്തിച്ചതപ്പോൾ എനിക്കിത് അവളോട് പറയേണ്ടി വന്നു. എന്തെങ്കിലും തമാശ പറഞ്ഞു സംസാരിച്ചു തുടങ്ങണ്ടേ എന്നായിരുന്നു മറുപടി. കേൾക്കുന്നയാൾക്ക് ആസ്വദിക്കാൻ കഴിയാത്ത തമാശകൾ പറയാതിരിക്കാനുള്ള വിവേകം മനുഷ്യർക്ക് ഉണ്ടാവുന്നത് നല്ലതാണ്. അത് സംഭാഷണം തുടങ്ങുമന്പോളെങ്കിലും ഉപയോഗിക്കാതെ ഇരിക്കുന്നത് നന്നാവും.

ഏത് കല്യാണത്തിനു കാണുമ്പോഴും എന്റെ തടിയെ പറ്റി പറയുന്ന വേറൊരു അടുത്ത ബന്ധുവുണ്ട്. ഞാൻ കഷ്ടപ്പെട്ട് തടി കുറച്ച സമയത്തൊക്കെ ഇവരെ കാണുമ്പോൾ ഇവർ എന്തെങ്കിലും പറയുമോ എന്നറിയാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ അപ്പോൾ സംഭാഷണത്തിലെവിടെയും തടി എന്ന വാക്കു പോലും ഉണ്ടാവാറില്ല.

ഇത്രയും പറഞ്ഞത് എന്നോട് ഫോട്ടോ കാണുമ്പോഴും നേരിട്ടും "അയ്യോ! നല്ലോണം തടിച്ചൂലോ, തടി കുറയ്ക്കാൻ വ്യായാമം എന്തെങ്കിലും ചെയ്തൂടേ?" തുടങ്ങിയ വകതിരിവില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും യാതൊരു പരിചയവും ഇല്ലാത്ത സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ളവരും അറിയാൻ വേണ്ടിയിട്ടാണ്. ഞാൻ എന്നും കണ്ണാടി നോക്കാറുണ്ട്. വലിയ കണ്ണാടിയാണ്. എന്റെ തടി കൂടുന്നത് എനിക്കതിൽ കാണാം. വ്യായാമം ചെയ്താൽ തടി കുറയ്ക്കാൻ കഴിയും എന്നും എനിക്കറിയാം. ഈ ചോദിക്കുന്നവരിൽ പലരും ഒരു ദുരുദ്ദേശവുമില്ലാതെ വളരെ ക്യാഷ്യല്‍ ആയിട്ടോ തമാശ മട്ടിലോ എന്നോടുള്ള കരുതൽ കൊണ്ടോ (ഈ മൈനോറിട്ടിയെ എനിക്ക് അറിയാം) ഇതു ചോദിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല, വേറൊരാളുടെ ശരീരത്തിനെ പറ്റി കമന്റ് ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് ഓർമിപ്പിക്കാനാണ് ഈ പോസ്റ്റ്‌. കരുതി കൂട്ടി വിഷമിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരോട്, "ഞാൻ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്. ഡീല്‍ വിത്ത് ഇറ്റ്!

ഈ പറയുന്നവരൊന്നും ഒരിക്കൽ പോലും എന്റെ ആരോഗ്യത്തെപ്പറ്റിയോ വല്ല ആരോഗ്യ പ്രശ്നം കൊണ്ടാണോ തടിക്കുന്നതെന്നോ തടി കൂടിയതു കൊണ്ടെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നൊന്നും അന്വേഷിക്കാറില്ല എന്നു കൂടി പറയട്ടെ.

 

Latest Videos
Follow Us:
Download App:
  • android
  • ios