പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് മൂന്ന് ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് തെലുങ്കാന സര്‍ക്കാര്‍. വധൂവരന്മാരുടെ പേരില്‍ മൂന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായിട്ടാണ് തുക നല്‍കുക. വിവാഹം ചെലവിലേക്കായി ഒരുലക്ഷം രൂപയും നല്‍കും.
ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് വരുമാനം കുറവായതിനാല്‍ ഇവരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയാറാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്ത് എത്തിയത്. നവംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യാന്‍ യുവതികള്‍ തയാറാവത്തതിനെ തുടര്‍ന്ന് തെലുങ്കാന ബ്രാഹ്മിന്‍ ക്ഷേമ പരിഷത്ത് ചെയര്‍മാന്‍ കെ വി രമണചാരി സമര്‍പ്പിച്ച നിവേദനത്തിലാണ് സര്‍ക്കാരിന്‍റെ നടപടി. ഇതിന്‍റെ ഭാഗമായി കല്യാണമസ്തു എന്ന പദ്ധതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
തെലുങ്കാനയിലെ 4,805 ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കും. ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് മറ്റ് ജീവനക്കാര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെ പോലെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരന്‍ അറിയിച്ചു.