മൂര്‍ഖനും യുവതിയും തമ്മില്‍ ജീവന്‍ മരണ പോരാട്ടം: അത്ഭുതപ്പെടുത്തുന്ന ജീവിത കഥ, വീഡിയോ

snake hunter raji anikmar life story

പാമ്പുകള്‍ പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്, ചിലപ്പോള്‍ ജീവന്‍ മരണ പോരാട്ടം തന്നെ നടക്കും... ചിലര്‍ക്കാകട്ടെ പാമ്പിനെ കണ്ടാല്‍ അതിനെ ഉപദ്രവിക്കാതെ പറ്റില്ല... എന്നാല്‍ പാമ്പുകള്‍ക്ക് ആരെയും പേടിക്കാതെ സ്വതന്ത്രമായി അതിന്‍റെ  ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന ഒരു സ്ഥലമുണ്ട് തിരുവനന്തപുരത്തെ നെടുമങ്ങാടുള്ള പച്ചയെന്ന ഗ്രാമം. അതിന് നിമിത്തമാകുന്നത് രാജി അനില്‍ കുമാര്‍ എന്ന 33 കാരിയാണ്. രാജി ഉള്ളടിത്തോളം കാലം ഈ നാട്ടുകാര്‍ക്ക് ഒരിക്കല്‍ പോലും അതിനെ ഉപദ്രവിക്കാന്‍ തോന്നില്ല. പച്ചയിലെ നന്ദിയോട് ഗ്രാമക്കാര്‍ക്ക്  രാജി പ്രിയങ്കരിയായി മാറിയതും ഇതുകൊണ്ട് തന്നെയാണ്. ആരും തിരഞ്ഞെടുക്കാന്‍ ഭയപ്പെടുന്ന തൊഴിലാണ്  ഈ ചെറുപ്പകാരി തിരഞ്ഞെടുത്തിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മനുഷ്യരുടെയും പാമ്പുകളുടെയും രക്ഷയ്ക്കായി  നെടുമങ്ങാടിന്‍റെ ഏത് കോണിലാണെങ്കിലും പാമ്പിനെ പിടിക്കാനായി  രാജി ഓടിയെത്തും. അനായാസം പാമ്പുകളെ പിടികൂടും...

snake hunter raji anikmar life story

കുട്ടിക്കാലം മുതല്‍ തന്നെ രാജിക്ക് പാമ്പിനെ ഒരുപാട് ഇഷ്ടമാണ്. താന്‍ കാണുന്ന ഓരോ പാമ്പിനെയും കുറച്ചുനേരം നേരം നോക്കിനില്‍ക്കും. പിന്നെ അതിന്‍റെ പിന്നാലെ പോകും. ചിലപ്പോള്‍ ചില കുസൃതിത്തരങ്ങള്‍ ഒപ്പിക്കും. മൂര്‍ഖനെയാണ് കാണുന്നതെങ്കില്‍ പത്തി വിടര്‍ത്തുന്നത് കാണണം. അതിനായി പച്ചിലയോ മണ്ണോ വാരി അതിന്‍റെ മുന്നിലേക്ക് എറിയും. പാമ്പ് പത്തി വിടര്‍ത്തുന്നത് കാണുമ്പോള്‍ ഒരാവേശമായിരുന്നു.  

snake hunter raji anikmar life story

അതേ ആവേശം വളരുമ്പോള്‍ രാജിയോടൊപ്പം തന്നെ വളര്‍ന്നിരുന്നു. ഇപ്പോള്‍ പാമ്പ് പിടുത്തത്തില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസമായി രാജി പാമ്പ് പിടിത്തത്തില്‍ ഏര്‍പ്പെട്ടിട്ട്. ഇക്കാലങ്ങളില്‍ 73 ഇനം പാമ്പുകളെ പിടികൂടി. അതില്‍ ഉഗ്രവിഷമുള്ള അണലിയും, മൂര്‍ഖനും ശംഖുവരയനൊക്കെ രാജിയുടെ കൈകളിലൂടെ അതിന്‍റെ വാസം തേടി പോയിട്ടുണ്ട്. മൂര്‍ഖനെയാണ് കൂടുതലും പിടികൂടിയത്. ഒരു ദിവസം പാമ്പുപിടിക്കുന്നതിനിടയില്‍ യാദൃശ്ചികമായി രാജിക്ക് ചേരയുടെ കടിയേറ്റു. വലയില്‍ കുരുങ്ങിയ ചേരയെ രക്ഷിക്കുന്നതിനിടയിലായിരുന്നു ഇത്. അതിന്‍റെ പല്ല് ആഴത്തില്‍ കൈയില്‍ പതിഞ്ഞപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല. പിന്നീടങ്ങോട്ട്  പാമ്പിന്റെയും മനുഷ്യന്റെയും ജീവന്‍ രക്ഷിക്കുകയെന്നത് തന്‍റെ ദൗത്യമാണെന്ന്  രാജി മനസ്സില്‍ ഉറപ്പിച്ചിരുന്നു. 

snake hunter raji anikmar life story

പാമ്പുപിടുത്തം ആരംഭിച്ചത്

 പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസമുള്ള രാജി പാമ്പിനെ കുറിച്ച് പഠിക്കാന്‍ എവിടെയും പോയിട്ടില്ല. പാമ്പുപിടുത്തത്തോട് അതിയായ ആഗ്രഹം തോന്നിയതോടെ രാജി യൂടുബില്‍ നിന്ന് കിട്ടാവുന്ന വീഡിയോ എല്ലാം സംഘടിപ്പിച്ചു കാണുമായിരുന്നു. പാമ്പുമായി വരുന്ന വാര്‍ത്തകളും ശ്രദ്ധിക്കും. പിന്നീട് വട്ടിയൂര്‍കാവില്‍ ബാബു പാലാലയുടെ കീഴില്‍ ഒരു ദിവസത്തെ പാമ്പുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളെല്ലാം രാജിയുടെ മുന്നോട്ടുള്ള യാത്രയില്‍ ഉപകാരപ്രദമായി. ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുത്തതിന്‍റെ പിറ്റേദിവസമാണ്  തന്‍റെ ഗ്രാമമായ പച്ചയില്‍ നിന്ന് ഒരു മൂര്‍ഖനെ പിടികൂടുന്നത്. അന്നുവരെ പാമ്പിനെ പിടിച്ചിട്ടില്ലാത്ത രാജിക്ക് ആത്മവിശ്വാസം വര്‍ധിച്ചു. ബാബു പാലാലയുടെ ഉപദേശം കിട്ടിയതോടെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ധിച്ചു.

snake hunter raji anikmar life story

ഇത്രയും നാളത്തെ പാമ്പുപിടുത്തതിനിടയില്‍ രാജിയെ ഇടയ്ക്ക് വച്ച് ഭയപ്പെടുത്തിയത് ഒരു മൂര്‍ഖനാണ്. വിതുര ശാസ്താം കായലില്‍ വച്ചായിരുന്നു അത്. തോടിനോട് ചേര്‍ന്നുള്ള  റോഡിന്‍റെ ഒരുവശത്തെ കല്ലിടുക്കില്‍ വാസമുറപ്പിച്ച മൂര്‍ഖന്‍  എല്ലാവരുടെയും പേടി സ്വപ്‌നമായിരുന്നു. രക്ഷയില്ലാതായതോടെ രാജിയെ വിളിച്ചു. നാട്ടുകാരും രാജിയും ചേര്‍ന്ന് കല്ലുപൊളിച്ച് മൂര്‍ഖനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരു കല്ലില്‍ ചുറ്റിവരിഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ക്ക് നേരാംവണ്ണം നില്‍ക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അത്. പാമ്പിന്‍റെ വാലും തലയും ഒരേ സ്ഥലത്തായിരുന്നു. അത് പലതവണ ചീറ്റികൊണ്ട് രാജിയുടെ കൈകളിലേക്ക് വന്നു. പാമ്പിനെ വലിച്ചെടുത്താല്‍ രാജിയുടെ കൈയിലേക്ക് കൊത്തും, അല്ലെങ്കില്‍ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് പാമ്പും താനും വീഴുമെന്ന നിലയിലായിരുന്നു. പിന്നീട് തന്ത്രപൂര്‍വമാണ് അതിനെ പിടികൂടിയതെന്ന് രാജി പറയുന്നു. ആര്‍ത്തവ സമയത്ത് മാത്രമാണ് രാജി പാമ്പിനെ പിടിക്കാന്‍ പോകാത്തത്. ചില ദിവസങ്ങളില്‍ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് പിടികൂടിയ പാമ്പിനെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടും.

നന്ദിയോടിന്‍റെ പ്രിയങ്കരി

ഇന്ന് നന്ദിയോടുള്ള നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഏറെ നന്ദിയുണ്ട്  പിക് വാന്‍ ഡ്രൈവറായ ഈ പാമ്പുപിടുത്തകാരിയോട്.  14ഉം ഒന്‍പതും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ്. അഭിരാമിയും അനാമികയും. രാത്രി ഏറെ വൈകി വരുന്ന വിളികളില്‍ ഭര്‍ത്താവും മകളും രാജിയും ചേര്‍ന്നാണ് പാമ്പുപിടുത്തതിനായി പോകുന്നത്. ചിലര്‍ അതിനുള്ള കാശു നല്‍കും. ചില സാധാരണക്കാരായ ആളുകള്‍ പണം തന്നാല്‍ പോലും രാജി വാങ്ങിക്കാറില്ല. മാത്രമല്ല തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയും ഒരു വിഹിതം നല്‍കാറുണ്ട്.

snake hunter raji anikmar life story

പാമ്പുപിടിത്തതിനായി ഒരു സ്ത്രീയാണ് ഇറങ്ങുന്നതെന്ന് കേട്ടപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഭര്‍ത്താവിന്‍റെ സപ്പോര്‍ട്ട് രാജിക്ക് വേണ്ടുവോളം ഉണ്ട്. ആ കരുത്തും കരുതലുമാണ് രാജി ആത്മവിശ്വാസത്തോടെ പാമ്പിനെ പിടികൂടാനിറങ്ങുന്നത്. അതുവരെ ഡ്രൈവിംഗും തയ്യലുമൊക്കെയായിരുന്നു രാജിയുടെ പ്രധാന ജോലി. ഭര്‍ത്താവിന്റെ വരുമാനത്തോടൊപ്പം തന്റെ വരുമാനവും ചേര്‍ന്നാല്‍ അത്രയും ആശ്വാസമാകുമെന്ന് കരുതിയാണ് രാജിയും ഡ്രൈവിംഗ് പഠിച്ചത്. 

ആദ്യമായി പാമ്പുപിടുത്തത്തിന് പോയപ്പോള്‍ പലരും പുച്ഛിച്ചും പരിഹസിച്ചിട്ടുമുണ്ട്. സ്ത്രീയാണോ പാമ്പിനെ പിടിക്കാന്‍ പോകുന്നതിന്‍റെ പേരിലായിരുന്നു കളിയാക്കല്‍. കളിയാക്കുന്നവരെ അവഗണിച്ച് നിരവധി തവണ പാമ്പുപിടിത്തത്തിനായി പുറപ്പെട്ടു. ഇതോടെ ആളുകളുടെ രീതിയിലും മാറ്റം വന്നു. പലരും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഇപ്പോള്‍ എല്ലാവരും സ്നേഹത്തോടെയാണ്. അനില്‍ കുമാര്‍ ജോലിക്ക് പോകുമ്പോള്‍ രാജിയെ കുറിച്ചും നാട്ടുകാര്‍ തിരക്കും. നന്ദിയോടുള്ള ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ഈ ദമ്പതികള്‍ അത്ര പ്രിയപ്പെട്ടതാണ്.

രാജി പാമ്പിനെ പിടിക്കുന്ന വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios