ആര്‍ത്തവകാലത്തെ ശ്രദ്ധയ്ക്ക്; സാനിറ്ററി പാഡുകളില്‍ നിന്ന് അണുബാധയുണ്ടാകുമോ?
രക്തത്തിന്റെ നനവും, വിയര്‍പ്പും ഏറെ നേരെ ഇരുന്നാലും അണുബാധയുണ്ടായേക്കാം. അതിനാല്‍ തന്നെ ഇടയ്ക്കിടെ ഫ്രഷ് ആകാന്‍ ശ്രദ്ധിക്കാം. ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരിക്കലും ഒരു പാഡ് ഉപയോഗിക്കരുത്
ആര്‍ത്തവദിവസങ്ങളാണ് സ്ത്രീകള്‍ ഏറ്റവുമധികം വൃത്തിയെ കുറിച്ച് ബോധ്യമുള്ളവരാകുന്ന ദീവസങ്ങള്‍. സ്വയം വൃത്തിയാകാനും ചുറ്റുപാടുകള്‍ എപ്പോഴും വൃത്തിയായിരിക്കാനും സ്ത്രീകള്‍ പൊതുവേ ഏറ്റവുമധികം ആഗ്രഹിക്കുന്നതും ഈ സമയത്താണ്. എന്നാല്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലര്‍ക്ക് അണുബാധയുണ്ടാകാറുണ്ട്.
സാനിറ്ററി പാഡുകളില്‍ നിന്നും ചിലര്‍ക്ക് അണുബാധയുണ്ടാകാം. പാഡിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളിലേതെങ്കിലും നമ്മുടെ ശരീരവുമായി ഒത്തുപോകാകിരിക്കുന്നത് മൂലം ഇത് സംഭവിക്കാം. ആര്‍ത്തവകാലത്താണ് അണുബാധയുണ്ടാകുന്നത് എങ്കില്‍, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പാഡിന്റെ ബ്രാന്‍ഡ്, മാറ്റി മറ്റേതെങ്കിലും ബ്രാന്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും അണുബാധയുണ്ടെങ്കില്‍ നിങ്ങള്‍ കരുതേണ്ടത് പാഡിന്റെ ഉപയോഗത്തെ കുറിച്ച് തന്നെയാണ്.
യോനീഭാഗങ്ങളില്‍ നനവ് ഇരിക്കുന്നതാണ് പ്രധാനമായും അണുബാധയ്ക്ക് കാരണമാകുന്നത്. എപ്പോഴും കഴുകിക്കഴിഞ്ഞാന്‍ ഉണങ്ങിയ കോട്ടണ്‍ തുണി കൊണ്ട് വൃത്തിയായി തുടയ്ക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവമാണെങ്കിലും കഴിയുന്നതും ഉണങ്ങിയ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ തുടച്ചുവൃത്തിയാക്കാന്‍ ശ്രമിക്കുക.
രക്തത്തിന്റെ നനവും, വിയര്‍പ്പും ഏറെ നേരെ ഇരുന്നാലും അണുബാധയുണ്ടായേക്കാം. അതിനാല്‍ തന്നെ ഇടയ്ക്കിടെ ഫ്രഷ് ആകാന്‍ ശ്രദ്ധിക്കാം. ആറ് മണിക്കൂറില്‍ കൂടുതല്‍ ഒരിക്കലും ഒരു പാഡ് ഉപയോഗിക്കരുത്. പരമാവധി സമയമാണിത്. ഇതിനുള്ളില്‍ തന്നെ വൃത്തിയായി കഴുകി തുടച്ച ശേഷം, പുതിയ പാഡ് വയ്ക്കുക. ബ്ലീഡിംഗ് കടുതലുള്ള സമയങ്ങളില്‍ ഇത് അല്‍പം കൂടി നേരത്തേ ആക്കിയാലും നല്ലത് തന്നെ.
പൊതുവേ അണുബാധയോ മറ്റെന്തെങ്കിലും അലര്‍ജികളോ ഉണ്ടാകാറുള്ള ചര്‍മ്മമാണെങ്കില്‍ ഇത് കുറെക്കൂടി ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സോപ്പുകള്‍ പോലും ഒരുപക്ഷേ അപകടമുണ്ടാക്കിയേക്കാം. അതിനാല്‍ ദുര്‍ബലമായ ചര്‍മ്മമുള്ളവരാണെങ്കില്‍ ഇത്തരം അണുബാധയ്ക്ക് ചികിത്സ തേടുക തന്നെ വേണം.