സന്ധ്യ മറാവി ഇന്ത്യയിലെ ആദ്യ വനിത പോര്‍ട്ടര്‍
- 2017 ജനുവരിയിലാണ് സന്ധ്യയ്ക്ക് 36 ാം നമ്പര്‍ പോര്‍ട്ടര്‍ ബാഡ്ജ് കിട്ടുന്നത്. തലയിലും ചുമലിലുമായി അവള്‍ എടുത്തുമാറ്റിയത് നിങ്ങളുടെ ബാഗേജുകള്‍ മാത്രമല്ല. സ്വന്തം കുടുംബത്തിന്റെ ദുരിതജീവിതം തന്നെയാണ്.
ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോര്‍ട്ടര്‍മാരായി പുരുഷന്മാരെ കണ്ടാണ് നമ്മുക്ക് ശീലം. എന്നാല്‍ ആ കാഴ്ച ശീലങ്ങളെ അട്ടിമറിച്ച് കൊണ്ട് മദ്ധ്യപ്രദേശിലെ കാട്‌നി റെയില്‍വേ സ്റ്റേഷനില്‍ ഒരു 30 വയസുകാരി നിങ്ങളെ നോക്കി നില്‍പ്പുണ്ടാകും. നിങ്ങളുടെ ബാഗേജുകള്‍ യഥാസ്ഥാനത്ത് എത്തിക്കുവാന്‍. അതുവഴി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒരു കുടുംബം പുലര്‍ത്തുവാന്‍. അതാണ് സന്ധ്യ മറാവി, ഇന്ത്യയിലെ ആദ്യ വനിതാ പോര്‍ട്ടര്‍.
ജീവിതമാണ് സന്ധ്യയെ പോര്‍ട്ടറാക്കിയത്. 2016 വരെ ഏതൊരു ഇന്ത്യന്‍ വീട്ടമ്മയെയും പോലെയാണ് സന്ധ്യയും ജീവിച്ചിരുന്നത്. ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബം. മദ്ധ്യപ്രദേശിലെ ജബാല്‍പൂര്‍ ജില്ലയിലെ കുന്‍ണ്ടം വില്ലേജില്‍ ഏതൊരു ഇന്ത്യന്‍ സ്ത്രീയുടെയും പോലെയുള്ള ഒരു സാധാരണ ജീവിതം. എന്നാല്‍ അപ്രതീക്ഷിതമായ ഭര്‍ത്താവിന്റെ മരണം സന്ധ്യയെ കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്ക് ചുമക്കാന്‍ നിര്‍ബന്ധിതയാക്കി. അങ്ങനെ മൂന്ന് കുട്ടികളുടെ വിശപ്പ് ഒടുവില്‍ സന്ധ്യയെ പോര്‍ട്ടറാക്കിയെന്ന് ഡെയിലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ജനുവരിയിലാണ് സന്ധ്യയ്ക്ക് 36 ാം നമ്പര്‍ പോര്‍ട്ടര്‍ ബാഡ്ജ് കിട്ടുന്നത്. തലയിലും ചുമലിലുമായി അവള്‍ എടുത്തുമാറ്റിയത് നിങ്ങളുടെ ബാഗേജുകള്‍ മാത്രമല്ല. സ്വന്തം കുടുംബത്തിന്റെ ദുരിതജീവിതം തന്നെയാണ്.
രാവിലെ ഇറങ്ങും വീട്ടില്‍ നിന്ന്, 140 കിലോമീറ്ററോളം ദൂരെയുള്ള കാട്‌നി റെയില്‍വേ സ്‌റ്റേഷനിലേക്ക്. ആദ്യം 40 കി.മീറ്റര്‍ ദൂരെയുള്ള ജബാല്‍പൂരിലേക്ക്. അവിടെ നിന്നും 100 കി.മീറ്റര്‍ ദീരെയുള്ള കാട്‌നി റെയില്‍വേ സ്റ്റേഷനിലേക്ക്. വൈകീട്ട് തിരിച്ചും. ഇങ്ങനെ യാത്ര ചെയ്താലെ സന്ധ്യയ്ക്കും മക്കളായ സഹിലിനും (8), ഹര്‍ഷിത്തിനും (6), പായലിനും (4) പിന്നെ ഭര്‍ത്താവിന്റെ അമ്മയുമടങ്ങുന്ന കുടുംബത്തിന് ജീവിക്കാനുള്ളത് കിട്ടുകയുള്ളൂ.
40 പുരുഷ പോര്‍ട്ടര്‍മാര്‍ക്കിടയില്‍ അവള്‍ ഒരുവള്‍. സന്ധ്യ മറാവി, ജബാര്‍പൂര്‍ സ്റ്റേഷനിലേക്ക് മാറ്റത്തിനായി ആവശ്യപ്പെട്ടിട്ട് ഒരുപാട് നാളായി. വൈകീയോടുന്ന ഇന്ത്യന്‍ ട്രയിന്‍ പോലെ ആ അപേക്ഷ എവിടെയോ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. മറുപടികളില്ലാതെ.