ചികിത്സിക്കുന്നത് വനിതാ ഡോക്ടര്‍മാരെങ്കില്‍ രോഗി മരിക്കാന്‍ സാധ്യത കുറവെന്ന് പഠനം
അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ നിരീക്ഷിച്ചാണ് ഒരു സംഘം ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. വനിതാ ഡോക്ടര്‍മാരും പുരുഷ ഡോക്ടര്‍മാരും ചികിത്സിക്കുമ്പോള്‍ രോഗികള്‍ക്കുണ്ടാവുന്ന മാറ്റം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ കണ്ടെത്തല്‍ തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് സംഘത്തലവന്‍ യുസുകെ സുഗാവ പറയുന്നു. രോഗികളെ രക്ഷിക്കാനുള്ള വനിതാ ഡോക്ടര്‍മാരുടെ കഴിവ് പുരുഷ ഡോക്ടര്‍മാര്‍ കൂടി നേടിയെടുത്താല്‍ ഓരോ വര്‍ഷവും രാജ്യത്ത് 32,000 മരണങ്ങള്‍ കുറയുമെന്നും ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരു വര്‍ഷം രാജ്യത്താകമാനം നടക്കുന്ന വാഹനാപകട മരണങ്ങളുടെ എണ്ണവും ഇത്രത്തോളമേ വരൂ. 2011 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു മില്യനിലധികം രോഗികളെയാണ് ഇവര്‍ നിരീക്ഷിച്ചത്. 65 വയസിന് മുകളിലുള്ളവരെ മാത്രം തെരഞ്ഞെടുത്തായിരുന്നു ഇത്.
രോഗികളുമായുള്ള ഇടപെടലിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നാണ് ഗവേഷക സംഘം വിലയിരുത്തുന്നത്. വൈദ്യശാസ്ത്ര നിബന്ധനകള്‍ കൂടുതല്‍ കൃത്യമായി പാലിക്കുന്നതും രോഗിയോട് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതും വനിതകളാണത്രെ. വനിതാ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നവര്‍ പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യത നാല് ശതമാനം കുറവാണെന്നും ഒരു മാസത്തിനകം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാവുന്നത് അഞ്ച് ശതമാനം കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.