ഗര്‍ഭിണികള്‍ ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക

paracetamol effects on pregnant women

ഡോക്ടര്‍മാരുടെ ഉപദേശമൊന്നും തേടാതെ എന്തിനും ഏതിനും നമ്മള്‍ വാങ്ങിക്കഴിക്കുന്നതാണ് പാരസെറ്റമോള്‍ ഗുളികകള്‍. എന്നാല്‍ വിചാരിക്കുന്നത്ര നിസ്സാരമില്ല ഈ ഗുളികളെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക്. ഗര്‍ഭ നാളുകളില്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ വന്ധ്യതയുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന പഠനം മുന്നറിയിപ്പു നല്‍കുന്നു.

ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനത്തിന് പിന്നില്‍. വേദനാസംഹാരിയായി പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണിയെ പഠന വിധേയമാക്കി. ഒരാഴ്ച പാരസെറ്റമോള്‍ കഴിച്ചപ്പോള്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തില്‍ അണ്ഡങ്ങളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് കണ്ടെത്തി. നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിനും ഇത് കാരണമാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജനിക്കുന്നത് ആണ്‍ കുഞ്ഞാണെങ്കില്‍ കാര്യമായ പ്രത്യുല്‍പ്പാദനപരമായി വലിയ പ്രശ്നങ്ങളുണ്ടാകുന്നില്ല. പെണ്‍കുട്ടിയാണെങ്കില്‍ അണ്ഡകോശങ്ങളുടെ എണ്ണം കുറയാന്‍ പാരസെറ്റമോള്‍ കാരണമാകും. ഭാവിയില്‍ ആര്‍ത്തവം ക്രമം തെറ്റുന്നതിനും പിന്നാലെ ഗര്‍ഭം ധരിക്കാന്‍ പ്രയാസം നേരിടുന്നതിനും ഇത് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ഇതിന് പുറമെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഡോ. ഡേവിഡ് ക്രിസ്റ്റെന്‍സണും സംഘവും സമാനമായൊരു പരീക്ഷണം നടത്തി. ഗര്‍ഭിണികള്‍ വേദനാസംഹാരിയായി ഉപയോഗിക്കുന്ന അതേ അളവില്‍ മരുന്ന് ഗര്‍ഭിണികളായ പെണ്ണെലികള്‍ക്ക് നല്‍കിയായിരുന്നു അവരുടെ പരീക്ഷണം. ഈ എലികള്‍ പ്രസവിച്ച ശേഷം കുഞ്ഞുങ്ങളില്‍ പരിശോധന നടത്തിയപ്പോഴും മറ്റ് എലികളെ അപേക്ഷിച്ച് അണ്ഡകോശങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പാരസെറ്റമോള്‍ രാസവസ്തു ശരീരത്തിലെ പ്രോസ്റ്റാഗ്ലാന്റിന്‍ എന്ന ഹോര്‍മോണുമായി ചേര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിന്റെ പ്രത്യുല്പാദന അവയവങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. ആണ്‍ കുഞ്ഞുങ്ങളില്‍ വന്ധ്യതയുണ്ടാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടില്ല. എന്നാല്‍ മറ്റ് തരത്തിലുള്ള ദൂഷ്യവശങ്ങളുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭകാലത്ത് പാരസെറ്റമോളും ഇബുപ്രോഫിനും പോലുള്ള മരുന്നുകളുടെ ഉപയോഗം കഴിയുമെങ്കില്‍ പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. എന്‍ഡോക്രൈന്‍ കണക്ഷന്‍സ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios