ഇന്ത്യക്കാരന് വേണ്ടി ശബ്ദിച്ച പാക് മാധ്യമപ്രവര്‍ത്തകയെ രക്ഷിച്ചത് രണ്ടുവര്‍ഷത്തിനുശേഷം
ഇരുപത്തിനാലുകാരിയായ പാക് മാധ്യമപ്രവര്‍ത്തക സീനത്ത് ഷഹ്സാദി രണ്ടുവര്‍ഷത്തോളം ഭീകരരുടെ തടവിലായിരുന്നു. ശത്രുരാജ്യമായ ഇന്ത്യയില്‍നിന്നെത്തി, പാകിസ്ഥാനില്‍ കാണാതായ യുവാവിന് വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് സീനത്തിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 2015ലായിരുന്നു സംഭവം. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നാണ് സീനത്തിനെ രക്ഷപ്പെടുത്തിയത്. ബലൂചിസ്ഥാനിലെയും ഖൈബര്‍ പഖ്തുന്‍ഖ്വായിലെയും ആദിവാസികളുടെ സഹായത്തോടെയാണ് സീനത്തിനെ സുരക്ഷാസേന രക്ഷപ്പെടുത്തിയത്.
ഇന്ത്യക്കാരനായ ഹമിദ് നേഹല്‍ അന്‍സാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. മെക്കയില്‍വെച്ച് സീനത്തിനെ കാണുമ്പോഴാണ്, തന്റെ മകന്‍ ഹമിദ് അന്‍സാരിയുടെ തിരോധാനത്തെക്കുറിച്ച് ഫൗസിയ പറയുന്നത്. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. ജോലി അന്വേഷിച്ച് അഫ്‌ഗാനിസ്ഥാനിലേക്ക് പോയ മകനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഫൗസിയ, സീനത്തിനോട് പറയുന്നു. അങ്ങനെ, ലഭ്യമായ വിവരങ്ങള്‍വെച്ച് സീനത്ത് നടത്തിയ അന്വേഷണം എത്തുന്നത്, പാകിസ്ഥാനിലെ കോഹത്ത് പ്രവിശ്യയിലായിരുന്നു. കോഹത്ത് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായ ഹമിദ് അന്‍സാരി, അവളുടെ വിവാഹം തടയുന്നതിനായാണ് പാകിസ്ഥാനിലേക്ക് അനധികൃതമായി കടന്നുകയറിയത്. എന്നാല്‍ അവിടെവെച്ച് പൊലീസ് പിടിയിലാവുകയായിരുന്നു. ഇക്കാര്യം മനസിലാക്കിയ സീനത്ത് ഹമിദിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. പാക് മനുഷ്യാവകാശ കമ്മീഷനിലും സോളിസിറ്റര്‍ ജനറലിനും പരാതി നല്‍കി കാത്തിരുന്നു. ഇതിനിടയിലാണ് സീനത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നത്. സീനത്തിനെ കാണാതായതിന് പിന്നാലെ ചാരവൃത്തികേസില്‍ ശിക്ഷിക്കപ്പെട്ട് ഹമിദ് ജയിലിലായി. എന്നാല്‍ സീനത്തിന്റെ തിരോധാനം അവരുടെ കുടുംബത്തില്‍ ഏറെ ഉലച്ചിലുകള്‍ ഉണ്ടാക്കി. അവരുടെ സഹോദരന്‍ സദ്ദാം ഹുസൈന്‍ ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.
ഇപ്പോള്‍ മുംബൈയിലുള്ള ഫൗസിയ, സീനത്തിന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷവതിയാണ്. താന്‍ കാരണമാണ് സീനത്തിന് ഇങ്ങനെയൊരു ദുര്‍ഗതിയുണ്ടായത്. അവള്‍ തിരിച്ചുവരുന്നതുവരെ താന്‍ നിരന്തരപ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയ സീനത്ത് തന്നെ വിളിച്ചു. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. മകന്റെ മോചനത്തിനായി തുടര്‍ന്ന് ഇടപെടുമെന്ന് സീനത്ത് പറഞ്ഞതായും, മുംബൈയില്‍ കോളേജ് അധ്യാപികയായ ഫൗസിയ പറഞ്ഞു.