സന്യാസിയായിരുന്ന ടെന്‍സിന്‍ അങ്ങനെയാണ് ട്രാൻസ് മോഡലായി മാറിയത്
ആദ്യം പലായനം പിന്നെ സന്യാസ ജീവിതം ഒടുവില്‍ ഒരു ട്രാൻസ് മോഡലായി- അതാണ് ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെന്‍ററായ ടെൻസിൻ മാരികോയുടെ കഥ.
ആദ്യം പലായനം പിന്നെ സന്യാസ ജീവിതം ഒടുവില്‍ ഒരു ട്രാൻസ് മോഡലായി- അതാണ് ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെന്‍ററായ ടെൻസിൻ മാരികോയുടെ കഥ. അഞ്ചുവർഷം മുമ്പ് പുറത്തുവന്ന ഒരു വീഡിയോയാണ് ടെൻസിൻ മാരികോയുടെ ജീവിതം മാറ്റിമറിച്ചത്.
മാരികോ അന്ന് ടെൻസിൻ ഉഗേൻ എന്ന ചെറുപ്പക്കാരനാണ്. ടെൻസിൻ പെൺകുട്ടികളേപ്പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ. ടിബറ്റൻ സമൂഹത്തിൽപെട്ട ടെൻസിൻ ഉൾപ്പെട്ട വീഡിയോ അന്നു വലിയ വിവാദമായി. ഒടുവില്‍ ആ വീഡിയോയിലുള്ളത് താനല്ലെന്ന് ടെന്‍സിന് പറയേണ്ടി വന്നു.
എന്നാല്‍ ജനിച്ചതും വളർന്നതും ആൺകുട്ടിയായിട്ടാണെങ്കിലും കുട്ടിക്കാലം മുതലേ ടെൻസിൻ ഉഗേന്‍റെ ഉള്ളില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. അത് പതുക്കെ പതുക്കെ പുറത്തുവരാന്‍ തുടങ്ങി.
സന്യാസിയായിരുന്ന ടെൻസിൻ ഉഗേൻ, ടെൻസിൻ മാരികോയായി പരസ്യമായും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ടിബറ്റൻ സമൂഹത്തിലെ ആദ്യ ട്രാൻസ്ജെന്‍ററാണ് ടെൻസിൻ മാരികോ. മോഡലിങ്ങിൽ പ്രശസ്തയായതോടെ ആദ്യത്തെ ട്രാൻസ്മോഡലുമായി.
ആറ് ആൺമക്കളുള്ള ടിബറ്റൻ കുടുംബത്തിലെ അംഗമായാണ് ടെൻസിൻ ഉഗേൻ ജനിക്കുന്നത്. 1990–കളുടെ തുടക്കത്തിൽ കുടുംബം ഇന്ത്യയിലെത്തി.
ഹിമാചൽപ്രദേശിലെ ബിർ എന്ന സ്ഥലത്തായിരുന്നു താമസം. കുട്ടിക്കാലം മുതൽക്കേ ടെൻസിന് പെൺകുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളോടായിരുന്നു താൽപര്യം. പെണ്‍കുട്ടികളെ പോലെ നടക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ കുടുംബത്തിലെ ആചാരമനുസരിച്ച് ഒമ്പതാം വയസ്സില്‍ സന്യാസിയാകാൻ മഠത്തിലേക്ക് പോകേണ്ടി വന്നു.
സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച വീഡിയോയിലൂടെയാണ് ടെൻസിന്‍റെ ഉള്ളില്‍ ഉറങ്ങികിടന്ന പെണ്ണിനെ പുറംലോകം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ചരിത്രലാദ്യമായി ടിബറ്റൻ സമൂഹത്തിന് ഒരു ട്രാൻസ്ജെന്‍ററിനെ ലഭിക്കുന്നത്, സുന്ദരിയായ ഒരു യുവതി!