മൂന്നാം വയസിലെ വിവാഹകുരുക്കിൽനിന്ന് അവൾ മോചിതയായി
മൂന്നാം വയസിൽ വിവാഹം കഴിക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും? ശൈശവവിവാഹങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽനിന്നാണ് ഈ ഞെട്ടിക്കുന്ന ജീവിതകഥ പുറത്തുവരുന്നത്. 2003ലായിരുന്നു മൂന്നാം വയസിൽ അവളുടെ വിവാഹം. പതിനേഴാം വയസിൽ, ജോധ്പുർ കോടതി ഇടപെട്ട് ഈ വിവാഹം റദ്ദാക്കുകയായിരുന്നു. ജോധ്‌പുരിലെ സുന്താല ഗ്രാമവാസിയാണ് പെണ്‍കുട്ടി. ശൈശവവിവാഹം നിലനിന്നിരുന്ന പ്രദേശം. 2003 സെപ്റ്റംബറിൽ മൂന്നുവയസുകാരി പെണ്‍കുഞ്ഞിനെ സമുദായത്തിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് പ്രതാപ്നഗറിൽനിന്നുള്ള യുവാവിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാൽ വിവാഹം കഴിച്ചയാളുടെ വീട്ടിൽനിൽക്കാൻ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടി, അന്നുമുതൽ സ്വന്തം വീട്ടിലായിരുന്നു. ഇതിനുശേഷം ഭർതൃവീട്ടുകാരും ബന്ധുക്കളും ഭർത്താവിനൊപ്പം നിൽക്കാൻ സമ്മർദ്ദവും ഭീഷണിയും തുടർന്നുവരികയായിരുന്നു. ഈ പ്രശ്‌നം കാരണം വിദ്യാഭ്യാസകാര്യങ്ങളിൽ പെണ്‍കുട്ടിക്ക് ശ്രദ്ധചെലുത്താൻ കഴിയാതെവന്നു. പഠിച്ചു വലിയ നിലയിൽ എത്തണമെന്ന ലക്ഷ്യം മാറ്റിവെക്കേണ്ടിവരുമോയെന്ന ഭയത്തിലായിരുന്നു പെണ്‍കുട്ടി. ഇതു കടുത്ത വിഷാദത്തിലേക്കുപോയും അവളെ ഒരു ഘട്ടത്തിൽ എത്തിച്ചു.
എന്നാൽ ശൈശവവിവാഹത്തിനെതിരെ പ്രവർത്തിക്കുന്ന സാരഥി ട്രസ്റ്റ് മേധാവി കീർത്തി ഭാരതിയുമായി ചേർന്ന് നിയമപോരാട്ടത്തിന് അവൾ മുന്നിട്ടിറങ്ങുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണയും അവൾക്ക് ഉണ്ടായിരുന്നു. ആറു മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ജോധ്പുർ കുടുംബകോടതി ഈ വിവാദ വിവാഹം റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിധി പുറത്തുവന്നത്. ഏതായാലും ഇനി അവൾക്ക് ഇഷ്‌ടംപോലെ പഠിക്കാം. പഠിച്ച് വലിയ നിലയിലെത്തണമെന്ന അവളുടെ ആഗ്രഹം സഫലീകരിക്കാം. എല്ലാത്തിനും പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. സാരഥി എന്ന സംഘടനയ്‌ക്കും ഇക്കാര്യത്തിൽ അഭിമാനിക്കാൻ ഏറെ വകയുണ്ട്. ശൈശവവിവാഹത്തിനെതിരായ പോരാട്ടത്തിലൂടെ 36 ശൈശവവിവാഹങ്ങളാണ് അവർ നിയമപോരാട്ടത്തിലൂടെ റദ്ദാക്കിച്ചത്. രാജസ്ഥാന്റെ ഉൾഗ്രാമങ്ങളിൽ ചില സമുദായങ്ങൾ ആചാരവിധിപ്രകാരം ഇപ്പോഴും ശൈശവവിവാഹങ്ങള്‍ നടത്തുന്നതായാണ് കീർത്തി ഭാരതി പറയുന്നത്.