വിമന്‍സ് കോളേജില്‍ ആര്‍ത്തവത്തെ കുറിച്ച് ക്ലാസെടുത്ത് ഒരു ആര്‍ജെ ചെറുപ്പക്കാരന്‍
ആര്‍ത്തവത്തെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് പോലും പുറത്തുപറയാന്‍ മടിയാണ്. അപ്പോള്‍ പൊതുവേദിയില്‍ ഒരു ചെറുപ്പക്കാരന്‍ ആര്‍ത്തവത്തെ കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചും പറയുന്ന കാര്യം ഓര്‍ത്തുനോക്കൂ. അത്തരത്തിലുളള എല്ലാ ചിന്തകളെയും പൊളിച്ചുമാറ്റുകയാണ് ഇവിടെ.
ഇത്തരം സ്റ്റിഗ്മകളെ തകര്‍ക്കാനുള്ള ഏകമാര്‍ഗം തുറന്നമനസ്സോടെയുള്ള സമീപനമാണ്. അതിന്‍റെ ആദ്യപടിയായാണ് ആര്‍ത്തവത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഒരു യുവാവിനെ തന്നെ നിയോഗിക്കാന്‍ എറണാകുളം സെന്‍റ് തേരാസസ് കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്‍റ് തീരുമാനിച്ചത്.
'സ്റ്റെയിന്‍ ദ സ്റ്റിഗ്മ' എന്ന പേരില്‍ ഇവര്‍ ആരംഭിച്ച കാമ്പെയ്‌ന് ക്ലാസെടുക്കാനെത്തിയത് ഒരു യുവാവാണ്. റേഡിയോ മിര്‍ച്ചി ആര്‍ ജെ ആയ ജോസഫ് അന്നംകുട്ടി ജോസ്. അതേ, ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് സംസാരിക്കാന്‍ ജീവിതത്തില്‍ ഒരു സാനിറ്ററി നാപ്കിന്‍ പോലും ഉപയോഗിക്കാത്ത യുവാവ്. വിമന്‍സ് കോളേജില്‍ ആര്‍ത്തവത്തെ കുറിച്ച് ക്ലാസെടുത്ത ഈ ചെറുപ്പക്കാരനെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
സമൂഹത്തില്‍ മാറേണ്ട ചില കാഴ്ചപ്പാടുകളെ കുറിച്ചാണ് ജോസഫ് സൂചിപ്പിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് താന്‍ ആര്‍ത്തവത്തെ കുറിച്ച് മനസ്സിലാക്കിയതെന്ന് ജോസഫ് പറഞ്ഞു. അന്നത്തെ കാലത്ത് സെക്ഷ്വല്‍ ക്യുര്യോസിറ്റിയുടെ ഭാഗമായിരുന്നു ആര്‍ത്തവം. ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയെ ഇങ്ങനെ ഒളിച്ചും പാത്തുമല്ല കൈകാര്യം ചെയ്യേണ്ടതെന്നും ജോസഫ് പറഞ്ഞു.
ഒരു പെണ്‍കുട്ടിക്ക് അവളുടെ ശരീരത്തെ കുറിച്ച്, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്നത് പോലെ ഒരു പുരുഷന് സ്ത്രീ ശരീരത്തെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് ജോസഫ് പറയുന്നു. ഒരു പുരുഷന്‍ സിനിമകളില്‍ നിന്നും പോണ്‍ ക്ലിപ്പുകളില്‍ നിന്നും കൂട്ടുകാര്‍ പറയുന്ന വളച്ചൊടിച്ച മസാലക്കഥകളില്‍ നിന്നുമാണ് സ്ത്രീ ശരീരത്തെ കുറിച്ച് അറിയുന്നത്. തീര്‍ച്ചയായും അതവന്റെ കാഴ്ചപ്പാടിനെ തെറ്റായി സ്വാധീനിക്കുന്നു. ഒരു സ്ത്രീയുടെ പൊക്കിള്‍ക്കൊടിയെ 'ഇറോട്ടിക് സിംബലാ'യാണ് സിനിമയും മാഗസിനും സുഹൃത്തുക്കളും പറഞ്ഞുതരുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ കുറിച്ച് ആരും പറയുന്നില്ല.
ആര്‍ത്തവത്തിന്‍റെ പേരില്‍ ആണ്‍സുഹൃത്തുക്കളോ മറ്റോ കളിയാക്കുമ്പോള്‍ നിങ്ങളുടെ അമ്മയും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അവനെ ഓര്‍മിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാണിച്ചാല്‍ മാറുന്നതേയുള്ളൂ ഇതിനെ ചൊല്ലിയുള്ള 'സ്റ്റിഗ്മ' എന്നും ജോസഫ് പറയുന്നു.
മുന്‍മ്പും ജോസഫ് ഇത്തരം സാമൂഹിക പ്രശ്നങ്ങളില്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തുകയും മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.