അമ്മയും കുഞ്ഞും ശില്‍പത്തെ പൂജിച്ചാല്‍ സുഖപ്രസവവും രോഗശാന്തിയും? സത്യം ഇതാണ്!

its just a statue dont offer pooja

കേരളത്തിലെ കുട്ടികളുടെയും അമ്മമാരുടെയും(മദര്‍ ആന്‍ഡ് ചൈല്‍ഡ്) ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് എസ് എ ടി. ഈ ആശുപത്രിയിയുടെ മുന്‍ഭാഗത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോണ്‍ക്രീറ്റ് ശില്‍പം ഏറെ പ്രസിദ്ധമാണ്. എന്നാല്‍ അടുത്തിടെ ചില രോഗികളും കൂട്ടരിപ്പുകാരും ഇവിടെയെത്തി ചില പൂജകള്‍ ചെയ്യുന്നുണ്ട്. സുഖപ്രസവം നടക്കാനും രോഗശാന്തിക്കുമായാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രതിമ ഏതൊ ദേവതയുടേതാണെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തുവരുന്നത്. എന്നാല്‍ ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് പറയാനുള്ളത്‍. ശാസ്ത്രീയമായി രോഗികള്‍ക്ക് പരിചരണം നല്‍കുന്ന സ്ഥാപനമാണ് ആശുപത്രികള്‍. മെഡിക്കല്‍ കോളേജിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി തീര്‍ത്ത ശില്‍പത്തെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നത് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ആയതിനാല്‍ ജനങ്ങള്‍ ഈ അന്ധവിശ്വാസം തിരിച്ചറിയണമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഈ പ്രതിമയ്ക്ക് സമീപത്തായാണ് ഓക്‌സിജന്‍ പ്ലാന്റ്, അത്യാഹിത വിഭാഗം, ബ്ലഡ് ബാങ്ക്, ഐ.സി.യു.കള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. നവ മാധ്യമങ്ങളിലുള്‍പ്പെടെ ഇതിനെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വന്നിരുന്നു. തുടര്‍ന്നാണ് ജനങ്ങളുടെ അവബോധത്തിനായി എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ ദിവസം ബോര്‍ഡും സ്ഥാപിച്ചത്. ഈ പ്രതിമയ്ക്ക് മുമ്പില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതിനേയും ആളുകള്‍ കൂടി തിരക്കുണ്ടാക്കുന്നതിനേയും കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്.

എസ്.എ.ടി. ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമ ഉണ്ടാക്കിയത് മെഡിക്കല്‍ കോളേജിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ശില്‍പി ആര്യനാട് രാജേന്ദ്രനാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശരീര ഭാഗങ്ങള്‍ വരച്ച് കൊടുക്കുന്ന ആര്‍ട്ടിസ്റ്റിക് മോഡുലര്‍ ആയിരുന്നു രാജേന്ദ്രന്‍. അമ്മയും കുഞ്ഞും പ്രതിമയുള്‍പ്പെടെ പതിനഞ്ചോളം പഠന വിഷയമല്ലാത്ത ശില്‍പങ്ങളാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസിലും മ്യൂസിയത്തിലുമായി അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്.

ജോലി ചെയ്യുന്ന സമയത്ത് ക്യാമ്പസിനുള്ളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു രാജേന്ദ്രന്റെ മോഹം. ആശുപത്രി പരിസരമായതിനാല്‍ ആരോഗ്യമുള്ള ഒരു മനുഷ്യന്റെ വലിയ പ്രതിമ നിര്‍മ്മിക്കാനായിരുന്നു താത്പര്യം. പീഡിയാട്രിക് അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ കുറച്ച് തുക മിച്ചം വന്നപ്പോള്‍ പ്രതിമാ നിര്‍മ്മാണത്തിനായി വിനിയോഗിക്കാമെന്ന് അവര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് എസ് എ ടി ആശുപത്രിയുടെ മുന്‍ ഭാഗത്തായുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഒരു പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

എസ് എ ടി അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയായതിനാലാണ് അമ്മയും കുഞ്ഞും പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 1990 ലാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഏഴു മാസം കൊണ്ടാണ് പണി പൂത്തിയാക്കാന്‍ സാധിച്ചത്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചു പേരാണ് പ്രതിമാ നിര്‍മ്മാണത്തിനുണ്ടായിരുന്നത്. കരിങ്കല്ല്, ചുടുകല്ല്, കോണ്‍ക്രീറ്റ് എന്നിവയാണ് പ്രതിമാ നിര്‍മ്മാണത്തിനുപയോഗിച്ചത്. ആദ്യം കമ്പി കെട്ടി ചട്ടക്കൂട് നിര്‍മ്മിച്ച് ചുടുകല്ല് വെട്ടിയൊട്ടിച്ച് കോണ്‍ക്രീറ്റ് ചെയ്ത് സിമന്റിട്ട് അവസാന മിനിക്കു പണികള്‍ ചെയ്തു. 22 അടി ഉയരവും അഞ്ച് അടി വീതിയുമുള്ളതുമാണ് ഈ കൂറ്റന്‍ പ്രതിമ. 1990 നവംബര്‍ 14 ശിശുദിനത്തിലാണ് പ്രതിമ അനാഛാദനം ചെയ്തത്. 25,000 രൂപയായിരുന്നു ഈ ശില്‍പത്തിന്റെ നിര്‍മ്മാണ ചെലവ്.

1992ല്‍ എസ്.ബി.ടി.യുടെ സഹകരണത്തോടെ അമ്മയും കുഞ്ഞും ശില്‍പത്തിന് ചുറ്റും ലാന്‍ഡ് സ്‌ക്യാപ്പ് ചെയ്ത് ഇരുമ്പുവേലി കെട്ടി വേര്‍തിരിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇതിന്റെ പെയിന്റിംഗ് നടത്തി വരുന്നു.

ഈ ശില്‍പത്തിന് മെഡിക്കല്‍ കോളേജിലെ പലരുടേയും ഛായയുണ്ടെന്നാണ് പറയപ്പെടുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. മുലയൂട്ടുന്ന സമയത്ത് അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹവും ആത്മ ബന്ധവും പ്രതീക്ഷയും സ്വപ്നവുമെല്ലാം ഈ ശില്‍പത്തിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. മുണ്ടും ബ്ലൗസും ധരിച്ച അന്നത്തെ ഒരു ശരാശരി മലയാളി വീട്ടമ്മയെ ഈ ശില്‍പത്തിലൂടെ കാണാന്‍ സാധിക്കും. അതെ, ഇതൊരു മനോഹരമായ വെറും ശില്‍പം മാത്രമാണ്. ഇതിന് ഒരു ദൈവിക പരിവേഷവുമില്ല. വെറുതേ അന്ധവിശ്വാസത്തിലേക്ക് ആരും പോകരുതെന്നാണ് ശില്‍പിയുടേയും അഭ്യര്‍ത്ഥന.

Latest Videos
Follow Us:
Download App:
  • android
  • ios