500 കിലോ ഭാരമുള്ള ഈ യുവതിയെ ശസ്ത്രക്രിയയ്‌ക്കായി എങ്ങനെ മുംബൈയില്‍ എത്തിക്കും?
ഇത് ഇമാന്‍ അഹ്‌മദ്. 36 വയസുണ്ട്. 500 കിലോഗ്രാം ഭാരമുള്ള ഇമാന്‍ ഒറ്റ കിടപ്പു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ലോകത്തെ ഏറ്റവും ഭാരമേറിയ സ്‌ത്രീ ഇമാന്‍ ആണെന്നാണ് പറയപ്പെടുന്നത്. ഈജിപ്‌ത് തലസ്ഥാനമായ കെയ്‌റോയിലാണ് ഇമാന്‍ അഹ്‌മദിന്റെ വീട്. ഇരുപതു വര്‍ഷത്തിലേറെയായി ഇമാന്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്. ഒടുക്കത്തെ ഭാരം കാരണം ഇമാന് ജീവിതം തന്നെ ബുദ്ധിമുട്ടിലായി. പലതരം ചികില്‍സകള്‍ തേടിയെങ്കിലും നാള്‍ക്കുനാള്‍ ഭാരം കൂടിയതല്ലാതെ, കുറഞ്ഞതേയില്ല. ഇപ്പോഴിതാ, മുംബൈയിലെ ഒരു ആശുപത്രി ഭാരം കുറയ്‌ക്കുന്നതിനുള്ള ശസ്‌ത്രക്രിയ ചെയ്യാന്‍ തയ്യാറാണെന്ന് ഇമാനെ അറിയിച്ചു. എന്നാല്‍ എങ്ങനെ ഇന്ത്യയിലേക്ക് വരും? ട്വിറ്ററിലൂടെ ബന്ധപ്പെട്ടപ്പോള്‍, ഇമാന് ഇന്ത്യയിലേക്ക് വരാനുള്ള മെഡിക്കല്‍ വിസ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ട് ശരിയാക്കി. പക്ഷേ കടമ്പകള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. ഇത്രയും ഭാരമുള്ള ഇമാന് യാത്ര അനുവദിക്കാന്‍ ഒരു വിമാന കമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല. 136 കിലോയില്‍ കൂടുതലുള്ള രോഗികള്‍ക്ക് ടിക്കറ്റ് അനുവദിക്കില്ലെന്നാണ് ജെറ്റ് എയര്‍വേസ് പറയുന്നത്.
ഒടുവില്‍ എയറിന്ത്യ ഇമാന് യാത്രാ സൗകര്യം വാഗ്ദ്ധാനം ചെയ്‌തു. പക്ഷേ ഈജിപ്‌തിലേക്ക് എയര്‍ഇന്ത്യയ്‌ക്ക് വിമാനസര്‍വ്വീസില്ല. കെയ്‌റോയ്‌ക്ക് ഏറ്റവുമടുത്ത് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ് എയര്‍ഇന്ത്യയുടെ വിമാനസര്‍വ്വീസുള്ളത്. പക്ഷേ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് എങ്ങനെ പോകുമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ഓരോ പ്രതിസന്ധികള്‍ അഴിക്കുമ്പോഴും, പുതിയ പ്രതിബന്ധങ്ങള്‍ വരുന്നതാണ് ഇമാന്‍ അഹ്‌മദിനെ നിരാശയാക്കുന്നത്. നിരവധി സ്വകാര്യ വിമാന കമ്പനികളുമായി ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. യാത്രയ്‌ക്കുള്ള രേഖകള്‍ എല്ലാം ശരിയാക്കിയിട്ടുണ്ടെങ്കിലും, യാത്രാസൗകര്യമുള്ള വിമാനം ലഭിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുള്ളത്. എന്നാല്‍, എന്തെങ്കിലുമൊരു വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് ഇമാന്‍ ഇപ്പോഴുമുള്ളത്.