പൊരിച്ച മീനിൽ മാത്രമല്ല, കളിപ്പാട്ടങ്ങളുടെ നിറങ്ങളിൽ പോലുമുണ്ട് ലിംഗ വിവേചനം
പെൺകുട്ടികൾക്ക് വാങ്ങുന്ന കളിപ്പാട്ട നിറങ്ങളിലെ വിവേചനം ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പഠനത്തിൽ മുന്നറിയിപ്പ്. പൊരിച്ച മീനിൽ പോലും വിവേചനം നിൽക്കുന്നുവെന്നും അതാണ് തന്നെ ഫെമിനിസ്റ്റാക്കിയെന്ന റിമ കല്ലിങ്ങലിന്‍റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് കളിപ്പാട്ടങ്ങളിലെ നിറഭേദങ്ങളിൽപോലും ലിംഗ വിവേചനം നിലനിൽക്കുന്നുവെന്ന പഠനം പുറത്തുവരുന്നത്.
ആൺകുട്ടികൾക്ക് നിറ വൈവിധ്യങ്ങളുള്ള കളിപ്പാട്ടങ്ങൾ വാങ്ങുമ്പോള് പെൺകുട്ടികൾക്കായി നിങ്ങൾ സ്ഥിരം നിറങ്ങളിലുള്ള കളിപ്പാട്ടം വാങ്ങുന്നത് അവർക്ക് മേൽ സ്ഥിരം വാർപ്പുമാതൃകകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും പഠനത്തിൽ പറയുന്നു. പെൺകുട്ടികൾക്ക് പിങ്ക് കളറിലും ആൺകുട്ടികൾക്ക് നീല ഉൾപ്പെടെയുള്ള നിറങ്ങളിലും കളിപ്പാട്ടങ്ങൾ വാങ്ങുന്നത് ലംഗവിവേചനത്തിന്റെ പ്രാരംഭദശയാണെന്നും ഹോംഗോങ് സർവകലാശാലയിൽ നടന്ന പഠനം സമർഥിക്കുന്നു.
കളിപ്പാട്ടത്തിലെ വിവേചനം ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ കൃത്രിമമായി ലിംഗബോധം വളർത്താൻ വഴിവെക്കുന്നു. ഒരിക്കൽ കുട്ടി പ്രത്യേകമായ ലിംഗസ്വത്വം പഠിച്ചുകഴിഞ്ഞാൽ ഭാവിയിൽ അവരുടെ സ്വഭാവം ആ രീതിയിൽ നയിക്കപ്പെടുകയും പ്രത്യേക ലിംബോധത്തിൽ സ്ഥിരപ്പെടുകയും ചെയ്യും. ഇത് പിന്നീട് അവർ എങ്ങനെ മറ്റുള്ളവരുമായി ഇടപഴകുന്നു, ചുറ്റുപാടുകളെ എങ്ങനെ സ്വീകരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് നയിക്കുന്നു. ഇൗ ആൺ, പെൺ കേന്ദ്രീകൃതമായ നിറ വ്യത്യാസങ്ങൾ പ്രത്യക്ഷമായ ലിംഗ വിവേചനമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹോങ്ഗോങ് സർവകലാശാലയിലെ സൂയ് പിങ് യെങ് പറയുന്നു.
ഇൗ വാർപ്പുമാതൃകയിലുള്ള ധാരണകൾ ഇല്ലാതാക്കാൻ പ്രീ സ്കൂൾ, കളിപ്പാട്ട നിർമാതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ കളിപ്പാട്ടങ്ങളിലെ ലിംഗമുദ്രണം, നിറങ്ങളിലെ വിവേചനം തുടങ്ങിയവ ഇല്ലാതാക്കണമെന്ന് ഗവേഷകർ നിർദേശിക്കുന്നു.സെക്സ് റോൾസ് എന്ന ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. അഞ്ചിനും ഏഴ് വയസിനുമിടയിൽ പ്രായമുള്ള 129 പ്രീസ്കൂൾ കുട്ടികളെ തെരഞ്ഞെടുത്ത് രണ്ട് ഗ്രൂപ്പാക്കിയായിരുന്നു പഠനം.
ആദ്യഗ്രൂപ്പിലെ കുട്ടികൾക്ക് നിറമുള്ള കാർഡുകളും കളിപ്പാട്ടങ്ങളും നൽകി. അതിൽ പ്രത്യേകമായ ലിംഗവിവേചനത്തിന്റെ സൂചനകൾ ഒന്നുമില്ലായിരുന്നു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരോട് പച്ച ആൺകുട്ടികളുടെ നിറവും മഞ്ഞ പെൺകുട്ടികളുടെ നിറവുമാണെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷം അവർ നടത്തിയ തെരഞ്ഞെടുക്കലിൽ ഇൗ ലിംഗ വൈജാത്യം പ്രകടമാവുകയും ചെയ്തു.