ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് കേരളത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്
തീവ്രഹിന്ദുത്വവാദത്തിനെതിരെയായിരുന്നു ഗൗരി ലങ്കേഷിന്റെ എഴുത്തുകളും പ്രവര്‍ത്തനങ്ങളും. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന ഗൗരി കൊല്ലപ്പെടുന്നത് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കേരളത്തെ കുറിച്ചും ഫേസ്ബുക്കിലെഴുതി. കന്യാ സ്‌ത്രീകള്‍ ഓണം ആഘോഷിക്കുന്ന ശശി തരൂര്‍ പോസ്റ്റ് ചെയ്‌ത വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗൗരി ലങ്കേഷിന്റെ കുറിപ്പ്.
'ഇതൊക്കെക്കൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത്. പ്രിയമലയാളി സുഹൃത്തുക്കളെ നിങ്ങള്‍ മതേതരത്വ സ്പിരിറ്റ് കാത്തുസൂക്ഷിക്കണം.. അടുത്ത തവണ കേരളത്തിലെത്തുന്‌പോള്‍ നിങ്ങളിലാരെങ്കിലും എനിക്ക് സ്വാദിഷ്ടമായ ബീഫ് വാങ്ങിത്തരുമെന്ന് പ്രതീക്ഷിക്കുന്നു'.
ശശി തരൂര്‍ എംപി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ തിരുവാതിര കളി ഷെയര്‍ ചെയ്ത ശേഷം ഗൗരി ലങ്കേഷ് ഇങ്ങനെയെഴുതി. തീവ്രഹിന്ദുത്വവാദത്തിനെതിരെ കര്‍ണാടകത്തില്‍ നിന്നുയര്‍ന്ന ശക്തമായ ശബ്ദമായിരുന്നു ഗൗരി ലങ്കേഷിന്റേത്. സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാത്ത ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം ടാബ്ലോയിഡ് വാരികയിലൂടെ ജാതി വ്യവസ്ഥക്കെതിരെയും ജാതി രാഷ്ട്രീയത്തിനെതിരെയും ഗൗരി വാര്‍ത്തകളെഴുതി. സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ച ഗൗരി മാധ്യമ സ്വാതന്ത്രത്തിന്റെ വക്താവായിരുന്നു. പ്രധാനമന്ത്രി മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ഗൗരി ലങ്കേഷ് തനിക്കെതിരെ ഉയരുന്ന ഭീഷണികളെ കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷിയും ഉമേഷ് ദുഷിയും നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചെങ്കിലും അന്നുതന്നെ ഗൗരി ജാമ്യത്തിലിറങ്ങി. തന്നെ ജയിലിനകത്താകുമെന്ന് കരുതിയ പലരും നിരാശരായെന്ന് ഇതേക്കുറിച്ച് പറഞ്ഞ ഗൗരി വാര്‍ത്തകളിലൂടെ പോരാട്ടം തുടര്‍ന്നു. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ഗൗരി സമാനരീതിയില്‍ അജ്ഞാതരുടെ തോക്കിനിരയായപ്പോള്‍ നിലച്ചത് തെറ്റുകള്‍ക്കെതിരായ ഉറച്ച ശബ്ദമാണ്.