വനിതാ ബോഡിബില്‍ഡര്‍ ഉറക്കത്തിനിടെ മരിച്ചു
ശരീരസൗന്ദര്യത്തിനുവേണ്ടി ജിംനേഷ്യം ഉള്‍പ്പടെയുള്ളവ അമിതമായി ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണ്. ഇപ്പോഴിതാ, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇക്കാര്യം അടിവരയിടുന്നതാണ്. ന്യൂസിലാന്‍ഡിലെ പ്രമുഖ വനിതാ ബോഡിബില്‍ഡറായ, റസ്‌ലിങ് താരവുമായ ആന്‍ഡി പേജ് ഉറക്കത്തിനിടെ മരിച്ച സംഭവമാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 32 വയസുകാരിയായ ആന്‍ഡി പേജ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് സൂചന. പേശികളുടെ ബലം വര്‍ദ്ദിപ്പിക്കുന്നതിനായി, ശക്തിയേറിയ മരുന്നുകളും പ്രോട്ടീന്‍ പൗഡറുമൊക്കെ ബോഡിബില്‍ഡര്‍മാര്‍ ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. ഇത്തരക്കാര്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടാറുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ആന്‍ഡി പേജിന്റെ പെട്ടെന്നുള്ള മരണം ഇത്തരം കാരണങ്ങള്‍ കൊണ്ടാകാമെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ആന്‍ഡി പേജിന്റെ പരിശീലകന്‍ ജേമി മെയര്‍ രംഗത്തെത്തിയിട്ടുണ്ട്. ആന്‍ഡി, അമിതമായി മരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നാണ് മെയര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും, ആന്‍ഡിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം, ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ വ്യക്തമാകുകയുള്ളു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കകമാണ് ആന്‍ഡി പേജ് ഈ ലോകത്തോട് വിട പറഞ്ഞത്.