ലോകത്തെ ഏറ്റവും ഭാരമുള്ള വനിത എമാന്‍ അഹ്‌മദ് അബുദാബിയില്‍ മരണപ്പെട്ടു
ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയായിരുന്ന ഈജിപ്‌ഷ്യന്‍ സ്വദേശിനി എമാന്‍ അഹ്മദ് അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ മരണപ്പെട്ടു. ഭാരം കുറയ്‌ക്കുന്നതിനുള്ള ചികില്‍സയ്‌ക്കായി മുംബൈയിലെത്തി ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ എമാനെ പിന്നീട് ബന്ധുക്കള്‍ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികില്‍സയിലായിരുന്ന എമാന്‍ ഇന്നു രാവിലെയോടെയാണ് മരിച്ചത്. മുംബൈയിലെ ഭാരം കുറയ്‌ക്കുന്നതിനുള്ള ചികില്‍സയിലൂടെ എമാന്റെ ഭാരം 300 കിലോയോളം കുറഞ്ഞിരുന്നു. എന്നാല്‍ മുംബൈയിലെ ചികില്‍സയില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഡിസ്‌ചാര്‍ജ് ചെയ്‌ത് അബുദാബിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ച് ഒരാഴ്‌ച തികയുന്നതിന് മുമ്പായിരുന്നു എമാന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം താറുമാറായതാണ് മരണകാരണമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ഇരുപതോളം വിദഗ്ദ്ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എമാന്റെ ആരോഗ്യസ്ഥിതി ഇന്നലെയോടെ വഷളാകുകയായിരുന്നു. ഫെബ്രുവരി 11ന് മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ എമാനെ പ്രവേശിപ്പിക്കുമ്പോള്‍ 504 കിലോഗ്രാം ആയിരുന്നു അവരുടെ ശരീരഭാരം. ശസ്‌ത്രക്രിയയ്‌ക്കും ദിവസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കുമൊടുവില്‍ 300 കിലോയോളം കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എമാന്റെ ബന്ധുക്കള്‍ നിര്‍ബന്ധിപ്പിച്ച് അവിടെനിന്ന് ഡിസ്‌ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. മെയ് നാലിനാണ് എമാനെ അബുദാബിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.