തന്റെ ജീവിതത്തില്‍ ആദ്യമായി കണ്ടയാള്‍, അയാള്‍ മരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു....
- അയാളറിഞ്ഞോ, താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരുവള്‍ അയാളുടെ മരണത്തിനായ് പ്രാര്‍ത്ഥിച്ചെന്ന്. ആരോടുള്ള പകയാലത് ചെയ്‌തോ അവര്‍ പോലും അയാളുടെ മരണം കൊതിച്ചുവെന്ന് അയാള്‍ക്ക് തോന്നിയിരിക്കില്ല. പിന്നാണോ എങ്ങുന്നോ വന്നു പെട്ടൊരാള്‍ അത് ചെയ്യുമെന്ന്...
യാത്രകളെയും ഫോട്ടോഗ്രാഫിയെയും ഇഷ്ടപ്പെടുന്ന ഫേസ്ബുക്കില്‍ സജീവമായ സിആര്‍ പുഷ്പ തന്‍റെ പ്രൊഫൈലില്‍ കുറിച്ച അനുഭവം ആരെയും ഇൗറനണിയിക്കുന്നതാണ്. യാത്രയ്ക്കിടയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരാളുടെ മരണം ആഗ്രഹിച്ച നിമിഷത്തിന്‍റെ നടുക്കത്തില്‍നിന്ന്, അയാള്‍ മരിച്ചുവെന്നറിയുന്ന നിമിഷം വരെയുണ്ടായ ആത്മസംഘര്‍ഷത്തില്‍നിന്ന് ഇതുവരെ മോചിതയാകാനായിട്ടില്ല അവര്‍. ആ നിമിഷം അതിന്‍റെ വൈകാരികതകളോടെ അവര്‍ കുറിച്ചിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇനിയും നീട്ടിവയ്ക്കാന്‍ ആവുന്നില്ല. വാക്കുകളിലൂടെ ഒരസ്വസ്ഥതയെ കുടിയൊഴിപ്പിക്കലാണിത് ..
കാലങ്ങളോളം എന്നെ വിറ കൊള്ളിക്കാന്‍ പോന്നൊരു ഓര്‍മ്മയൊന്നുമല്ല, എങ്കിലും ഈയനുഭവത്തിനു മേലൊരു ഞെട്ടല്‍ ജീവിതത്തില്‍ ഇനിയുണ്ടായാലേയുള്ളൂ. അതൊരുപക്ഷേ ഈ അക്ഷരങ്ങളിലൂടെ എന്നെ വിട്ടൊഴിഞ്ഞു പോയേക്കാം..
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാണെപ്പോഴുമിഷ്ടം. മറ്റു നാലു ഇന്ദ്രിയങ്ങളെയും അത്രയ്ക്കങ്ങട് വിശ്വാസം പോരാ.
ക്യാമറ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ണിനെ ഞാന്‍ കൂടുതല്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാവാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയത്. കാരണം അത് കണ്ണ് കൊണ്ടുള്ളൊരു കളിയത്രേ. കൂടുതല്‍ കാണുകയല്ല കാണുന്നത് വ്യക്തമായിരിക്കുക എന്നതിനാണ് ശ്രമങ്ങള്‍.
യാത്രകളിലായിരിക്കുമ്പോള്‍ പുറം കാഴ്ചകളില്‍ മാത്രം ലയിച്ചിരിക്കാറുള്ള ഞാന്‍ അന്ന് മൊബൈലും പുസ്തകവും വിട്ട് വളരെക്കുറച്ച് നിമിഷങ്ങളേ ജനല്‍പ്പുറക്കാഴ്ചകളിലേക്ക് തിരിഞ്ഞിരുന്നുള്ളു.. അതിലൊരു നിമിഷത്തിലെ കാഴ്ചയായിരുന്നു അത്..
അതെ, ആ നിമിഷക്കാഴ്ച അതത്ര മേല്‍ വ്യക്തമായിരുന്നു.. ഒരിക്കലും ചതിയ്ക്കാത്ത എന്റെ കണ്ണുകള്‍ ഒപ്പിയെടുത്തൊരു കാഴ്ചച്ചതുരമായിരുന്നു. അത് തെറ്റിപ്പോകരുത് എന്നത് എന്റെ നിര്‍ബന്ധവും സ്വാര്‍ത്ഥതയും പ്രാര്‍ത്ഥനയുമായിരുന്നു.
അതു കൊണ്ടാണ് ഞാന്‍ അങ്ങനെ ആഗ്രഹിച്ചത്. ..
2018 ഫെബ്രുവരി 15 വൈകുന്നേരം 7.20 ന് ആരോ ഒരാള്‍ ഈ ഭൂമിയില്‍ നിന്ന് , പ്രിയപ്പെട്ട എല്ലാവരില്‍ നിന്നും, എല്ലാത്തില്‍ നിന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ജീവനെ പറിച്ചെറിയണമെന്ന്. അത് നടക്കുന്നത് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷന് 500ാ തെക്കായിരിക്കണമെന്ന്. കാരണം അത്രമേല്‍ വ്യക്തമായി ഞാന്‍ കണ്ടതാണ് അയാള്‍ കിഴക്ക് പടിഞ്ഞാറായി പാളം തലയിണയാക്കി നേരിയ ചലനം പോലുമില്ലാതെ കാത്തു കിടക്കുന്നത്, റെയില്‍വേ ഉപേക്ഷിച്ച ട്രാക്കാവാം എന്ന എന്റെ ചിന്ത മുറിച്ചാണ് ആ ട്രെയിനിന്റെ വെളിച്ചം അയാളുടെ ദേഹത്തേക്ക് വീണത്.
ആ ട്രെയിനാണ് അയാള്‍ കാത്തു കിടന്നതെന്ന് എനിക്കെന്റെ കണ്ണുകളാണ് പറഞ്ഞു തന്നത്. നിനക്ക് തോന്നിയതാണെന്ന് എത്ര സുഹൃത്തുക്കള്‍ പറഞ്ഞിട്ടും കൂട്ടാക്കാന്‍ എനിയ്ക്കാവുമായിരുന്നില്ല. അത് സത്യമായാല്‍ എനിയ്‌ക്കെന്റെ കണ്ണുകള്‍ നഷ്ടമാകുമായിരുന്നു. ആ നിമിഷം വരെ ഞാന്‍ കണ്ട കാഴ്ചകള്‍, അപ്പേരിലെടുത്ത തീരുമാനങ്ങള്‍ ഒക്കെ തെറ്റിപ്പോകുമായിരുന്നു.
അതു കൊണ്ടാണ് ആ രാത്രി , മരണപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഒരുവനെ കണ്ടതിന്റെ ഞെട്ടലൊഴിയും മുന്‍പേ , ഞാനവന്റെ മരണം ആഗ്രഹിച്ചത്. ഞാനയാളെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു, അയാള്‍ മരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമായി ഏതു ദൈവമാണെന്നെ തിരഞ്ഞെടുത്തത്. ഞാന്‍ കണ്ടുമുട്ടാന്‍ വിധിക്കപ്പെട്ട വളരെ കുറച്ച് മനുഷ്യര്‍ക്കിടയില്‍ ഇങ്ങനെയും ഒരാളിന്റെ പേരെഴുതി ച്ചേര്‍ത്തിരുന്നെന്ന് എങ്ങനെ അറിയാന്‍..
അയാളറിഞ്ഞോ, താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരുവള്‍ അയാളുടെ മരണത്തിനായ് പ്രാര്‍ത്ഥിച്ചെന്ന്. ആരോടുള്ള പകയാലത് ചെയ്‌തോ അവര്‍ പോലും അയാളുടെ മരണം കൊതിച്ചുവെന്ന് അയാള്‍ക്ക് തോന്നിയിരിക്കില്ല. പിന്നാണോ എങ്ങുന്നോ വന്നു പെട്ടൊരാള്‍ അത് ചെയ്യുമെന്ന്...
പിറ്റേന്ന് രാവിലെ അടുത്ത പോലീസ് സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചാണ് ഞാന്‍ ആ കാഴ്ച ഉറപ്പിച്ചത്.
'നിനക്ക് തോന്നിയതാവും, അതൊരു ആളനക്കമുള്ള പ്രദേശമാണ്, അവിടൊരാള്‍ക്ക് സന്ധ്യ മയങ്ങും മുന്‍പേ പാളത്തിന് തല വയ്ക്കാനൊന്നും ആവില്ലെന്ന്' പറഞ്ഞ് തലേന്ന് എന്നെ ആശ്വസിപ്പിച്ചതും അതേ സുഹൃത്ത്.
ഞാനും ആഗ്രഹിച്ചു, എന്നല്ല, കഠിനമായി പരിശ്രമിച്ചിരുന്നു, കരുനാഗപ്പള്ളി മുതല്‍ എറണാകുളം വരെ അതൊരു തോന്നല്‍ മാത്രമാണെന്ന് സ്ഥാപിയ്ക്കാന്‍. ഉണങ്ങാന്‍ വിരിച്ചിട്ട ഷര്‍ട്ടോ ഉപേക്ഷിക്കപ്പെട്ട റെയില്‍ സാമഗ്രികളോ ഒക്കെ ആയി സാമ്യപ്പെടുത്താന്‍..
പക്ഷേ എന്റെ പരിശ്രമങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ എന്റെ കാഴ്ചയെ ഉറപ്പിക്കാന്‍ മാത്രം ഉതകിയപ്പോള്‍ നെറ്റില്‍ നിന്ന് നമ്പര്‍ തപ്പി ഞാന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു. പല തവണ വിളിച്ചിട്ടും മറുപടി കിട്ടിയില്ല..
അതായിരുന്നു എകഞ രീു്യ കിട്ടിയപ്പോഴുള്ള വലിയ വേദന. വൈകിട്ട് 7. 20 ന് മരണപ്പെട്ട ശരീരം ഒരു രാത്രി മുഴുവന്‍ ആരും അറിയാതെ , കാണാതെ, ഉപേക്ഷിയ്ക്കപ്പെട്ട്.. ശരിയ്ക്കും വേദനിപ്പിച്ചത് അതാണ്.. ഒരു പക്ഷേ ,
എന്റെ കോള്‍ ആരെങ്കിലും എടുത്തിരുന്നെങ്കില്‍ അതെങ്കിലും ഒഴിവായേനേം..