ഉപ്പുമാങ്ങയിലൂടെ രുചിവൈവിധ്യമൊരുക്കി ബിന്ദു ജെയ്‌സ്
അറിയില്ലേ, ഫേസ്ബുക്കിലെ ഉപ്പുമാങ്ങ പേജിനെ. ഓണ്‍ലൈന്‍ ലോകത്തിന് പാചകകല പഠിപ്പിച്ചുകൊടുക്കുന്ന ഉപ്പുമാങ്ങ എന്ന ഫേസ്ബുക്ക് പേജ് ഏറെ പോപ്പുലറാണ്. ഏതൊരാള്‍ക്കും മനസിലാകുന്നതരത്തില്‍ പാചകക്കുറിപ്പുകള്‍ പറഞ്ഞുതരുന്നതുകൊണ്ടാണ് ഉപ്പുമാങ്ങ ഫേസ്ബുക്ക് പേജിന് കൂടുതല്‍ ലൈക്കും ഷെയറുമൊക്കെ ലഭിച്ചത്. ബഹ്റിനില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ബിന്ദു ജെയ്‌സാണ് ഉപ്പുമാങ്ങ എന്ന പേജിലെ പാചകക്കുറിപ്പുകള്‍ക്ക് പിന്നില്‍. ജോലിത്തിരക്കുകള്‍ക്കിടയിലും, അമ്മയില്‍നിന്നു പകര്‍ന്നുകിട്ടിയ പാചകവിദ്യകള്‍ ഓണ്‍ലൈന്‍ ലോകത്തെ സുഹൃത്തുക്കള്‍ക്കായി ബിന്ദു പകര്‍ന്നുനല്‍കിയതോടെയാണ് ഉപ്പുമാങ്ങ പേജ് ജനപ്രീതിയാര്‍ജ്ജിക്കുന്നത്. ഇപ്പോഴിതാ, ഉപ്പുമാങ്ങ ഡോട്ട് കോം എന്ന പേരില്‍ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റ് തുടങ്ങിയിരിക്കുകയാണ് ബിന്ദു. മലയാളത്തിലും ഇംഗ്ലീഷിലുമായി തനതുനാടന്‍ രുചിവൈവിധ്യങ്ങളൊരുക്കാനുള്ള വിദ്യകള്‍ ഉപ്പുമാങ്ങ ഡോട്ട് കോമില്‍ ലഭ്യമാണ്. രുചിവിശേഷങ്ങളെക്കുറിച്ച് ബിന്ദു സംസാരിക്കുന്നു...
റെസിപ്പി ബ്ലോഗിംഗിലേക്കുള്ള കടന്നുവരവ്...
നേരത്തെ ഫേസ്ബുക്കില്‍ ചില റെസിപികള്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു നല്ല പ്രതികരണം കിട്ടിയപ്പോള്‍ സ്വന്തമായി ഒരു പേജ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. മലയാളികള്‍ക്ക് വേണ്ടിയുള്ള പേജ് ആയിട്ടായിരുന്നു തുടക്കം. അങ്ങനെ ഉപ്പുമാങ്ങ എന്ന പേര് ഇട്ടു. മലയാളികളുടെ ഇടയില്‍ ഇന്ന് ഏറെ പ്രശസ്തമായ ഒരു പേജ് ആയി മാറി. ഇപ്പോള്‍ രണ്ടര ലക്ഷം പേര്‍ ഫോളോ ചെയ്യുന്നുണ്ട്.
ഉപ്പുമാങ്ങയ്‌ക്കുള്ള പ്രചോദനം...
റെസിപ്പികള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്നതിനും അതൊരു പേജാക്കിമാറ്റിയതിനുമൊക്കെയുള്ള പ്രചോദനം എന്റെ അമ്മയും പപ്പയുമാണ്. അമ്മയുടെ റെസിപികളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ജോലിത്തിരക്കിനിടയിലും ഏറെ സമയം മാറ്റിവെച്ചാണ് ഇത് ചെയ്യുന്നത്. മലയാളത്തില്‍ എഴുതിയ റെസിപ്പി ഇംഗ്ലീഷിലേക്ക് മാറ്റി എഴുതണം. എന്റെ ഭര്‍ത്താവും സഹോദരനും അമ്മയും ഒക്കെ നല്ല സപ്പോര്‍ട്ട് ആണ് നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതു നന്നായി അപ്ഡേറ്റ് ചെയ്‌തുമുന്നോട്ടുകൊണ്ടുപോകുന്നത്.
റെസിപ്പികള്‍ വ്യത്യസ്‌തമായി അവതരിപ്പിക്കുന്നത്...
ഞാന്‍ റെസിപി എഴുതുന്ന രീതി. നൊസ്റ്റാള്‍ജിയ തുടിക്കുന്ന ഒരു വിവരണം ഞാന്‍ കഴിവതും എല്ലാ റെസിപ്പിയ്ക്കും എഴുതാറുണ്ട്. കൂടാതെ എല്ലാ റെസിപ്പികള്‍ക്കും പൂര്‍ണ്ണത ഉണ്ടായിരിക്കും. പിന്നെ ടിപ്സ് കൊടുക്കും. പോസ്റ്റ് ചെയ്ത റെസിപ്പികള്‍ എല്ലാം മറ്റുള്ളവര്‍ ട്രൈ ചെയ്തിട്ടു നല്ല റിസള്‍ട്ട് ആണ് പറഞ്ഞത്...
ഫേസ്ബുക്ക് പേജിലെ റെസിപ്പികളെക്കുറിച്ചും ലഭിക്കുന്ന പ്രതികരണങ്ങളും...
ഏതു റെസിപ്പി ഇട്ടാലും അത് ധൈര്യത്തോടെ അവര്‍ ഉണ്ടാക്കിനോക്കും. കാരണം അവര്‍ക്ക് അത്ര വിശ്വാസമാണ്. പോസ്റ്റുകളുടെ കമ്മന്റ്സ്, മെസ്സേജുകള്‍ ഒക്കെ അതിന്റെ തെളിവാണ്.
ഒരിക്കല്‍ കോഴിക്കോടുള്ള ഒരു ചേച്ചി പാചകത്തില്‍ ഒരു ചെറിയ സംശയം ചോദിച്ചിരുന്നു. പറഞ്ഞു കൊടുത്തപ്പോള്‍ കിട്ടിയ പ്രതികരണം ആണ് രസകരം. അവരുടെ അമ്മായിയമ്മ പറഞ്ഞ അതേ ഉത്തരം തന്നെയാണ് ഞാനും പറഞ്ഞു കൊടുത്തത്. എങ്കിലും ഉപ്പുമാങ്ങയുടെ ആള് പറഞ്ഞാലേ വിശ്വാസമാകൂ എന്ന്. എന്റെ റെസിപ്പികള്‍ ട്രൈ ചെയ്യാന്‍ വായനക്കാര്‍ക്കൊക്കെ നല്ല താല്‍പര്യമുണ്ട്.
ഏറ്റവുമധികം പോപ്പുലറായ റെസിപ്പികളെക്കുറിച്ച്...
അമ്മയുടെ മീന്‍ കറി എന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ വ്യൂ പേജില്‍ മൂന്നു ലക്ഷത്തില്‍ ആധികംആണ്. ഏറ്റവും അധികം പേര്‍ ട്രൈ ചെയ്തതും പാചകം ചെയ്‌തശേഷം ചിത്രങ്ങള്‍ അയച്ചുതന്നത് ഏറെയും ഈ മീന്‍കറിയുടേതായിരുന്നു. കൂടാതെ ചെമ്മീന്‍ തീയല്‍, ചിക്കന്‍ തോരന്‍, നാടന്‍ മുട്ടക്കറി, തേങ്ങാപ്പാല്‍ കോഴിക്കറി അങ്ങനെ പോകുന്നു...
ഉപ്പുമാങ്ങാ വെബ്സൈറ്റിനെ കുറിച്ച്...
uppumaanga.com ആണ് വെബ്പേജ്. ഇക്കഴിഞ്ഞ ചിങ്ങത്തിലാണ് ഉപ്പുമാങ്ങ ഫേസ്ബുക്ക് പേജിന്റെ വെബ് പതിപ്പ് പുറത്തിറക്കിയത്. വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഡിസൈനിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. വായനക്കാര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും അനായാസം റെസിപ്പികള്‍ വായിക്കാനാകുന്നതരത്തിലാണ് വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്.
ഉപ്പുമാങ്ങയുടെ മുന്നോട്ടുള്ള യാത്ര...
ഫേസ്ബുക്ക് പേജിനും വെബ്സൈറ്റിനും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്. സ്‌മാര്‍ട്ട് ഫോണുകളുടെ ഈ കാലത്ത് ഉപ്പുമാങ്ങയ്‌ക്കായി ഒരു ആപ്പ് തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. അത് ഉടന്‍ തന്നെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
ജോലി...
പത്തു വര്‍ഷമായി ബഹറിനില്‍ സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നു.
കുടുംബം...
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബഹറിനില്‍ ആണ് താമസം.. ഭര്‍ത്താവ് ജയ്‌സ് കെ ജോയ്, മകള്‍ അഞ്ചുവയസുകാരി ജോനാ. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ആണ് സ്വദേശം.
ഏതായാലും മലയാളികളുടെ തനിനാടന്‍ രുചി വൈവിധ്യം വളരെ സിംപിളായി വായനക്കാരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഉപ്പുമാങ്ങ ഡോട്ട് കോമില്‍ മറ്റ് രുചിഭേദങ്ങളും ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്കിലും ഓണ്‍ലൈനിലുമൊക്കെ പാചകക്കുറിപ്പുകള്‍ക്കായി നിരവധി പേജുകളും വെബ്സൈറ്റുകളും ഉള്ളപ്പോഴും ഉപ്പുമാങ്ങയെ വ്യത്യസ്‌തമാക്കുന്നത് ഈ രുചിവൈവിധ്യം തന്നെയാണ്. വായനക്കാര്‍ക്ക് റെസിപ്പികള്‍ ചെയ്‌തുനോക്കാന്‍ ഉപ്പുമാങ്ങയിലെ ലളിതമായ അവതരണരീതിയും സഹായകരമാണ്.