കുഞ്ഞുങ്ങളോട് അമ്മമാര്‍ അറിയാതെ ചെയ്യുന്ന 8 തെറ്റുകള്‍
1, കുഞ്ഞുങ്ങളെ വല്ലാതെ കുലുക്കരുത്
ചിലര്‍ കുഞ്ഞുങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്, നല്ലതുപോലെ കുലുക്കിയൊക്കെയാണ്. കുഞ്ഞിന്റെ കരച്ചില്‍നിര്‍ത്താനും കുഞ്ഞിനെ നന്നായി ആട്ടുകയും കുലുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കിയേക്കാം...
2, വായില്‍ പാല്‍ക്കുപ്പി വെച്ച് ഉറക്കരുത്
കുപ്പിയില്‍ പാല്‍ കൊടുക്കുമ്പോള്‍, അത് കുടിച്ചുകൊണ്ട് കുഞ്ഞ് ഉറങ്ങാറുണ്ട്. പാല്‍ മുഴുവന്‍ കുടിച്ചുകഴിഞ്ഞാലും കുപ്പിയുടെ നിബിള്‍ വായില്‍ത്തന്നെ വെക്കും. അത് എടുത്താല്‍ കുഞ്ഞ് ഉണരുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് കുഞ്ഞിന്റെ പുതിയതായി വരുന്ന പല്ലിന്റെ ഇനാമലിന് ദോഷകരമാണ്. മുലയൂട്ടുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞാല്‍ മുലയൂട്ടാതിരിക്കുക.
3, ആദ്യ ആറുമാസം മുലപ്പാല്‍ മതി
ആറുമാസം ആകുന്നതിനുമുമ്പ് കുറുക്ക് തുടങ്ങിയ ബേബിഫുഡ് നല്‍കുന്നവരുണ്ട്. അത് കുഞ്ഞിന്റെ ദഹനത്തിന് അത്ര നല്ലതല്ല. ആദ്യ ആറുമാസം നിര്‍ബന്ധമായും മുലപ്പാല്‍ മാത്രം നല്‍കണമെന്ന് ലോകാരോഗ്യസംഘടന തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ദഹനത്തിനായുള്ള ആന്തരികാവയവങ്ങളുടെ രൂപീകരണം പൂര്‍ണമാകാത്തതിനാല്‍ മുലപ്പാലിനെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമെയുള്ളു. മറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നത് വയറിനുള്ളില്‍ ഇന്‍ഫെക്ഷനുണ്ടാകാന്‍ കാരണമാകും.
4, ആറുമാസത്തിനുള്ളില്‍ വെള്ളം കൊടുക്കരുത്
ആറുമാസം തികയുന്നതിനുമുമ്പ് കുഞ്ഞിന് ആറിയ ചൂടുവെള്ളം കൊടുക്കുന്നവരുണ്ട്. ഇത് കുഞ്ഞിന് അത്ര നല്ലതല്ല. വെള്ളംവഴിയുള്ള ചെറിയതോതിലുള്ള വിഷബാധയേല്‍ക്കാന്‍ കാരണമാകും. കൂടുതല്‍ വെള്ളം നല്‍കുമ്പോള്‍ സോഡിയത്തിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം.
5, ബേബിഫുഡ് ലഘൂകരിച്ച് നല്‍കണ്ട
ബേബിഫുഡ് ചൂടുവെള്ളം ചേര്‍ത്തുനല്‍കുന്ന പതിവുണ്ട്. അത് അത്ര നല്ലതല്ല. കുഞ്ഞിന് ആവശ്യത്തിന് പോഷണം ലഭിക്കുന്നതിനാണ് ബേബിഫുഡ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണം കുറയുകയും ചെയ്യുന്നു. പരമാവധി കുഞ്ഞിന് മുലപ്പാല്‍തന്നെ നല്‍കുക. അതിനു സാധിക്കാതെ വരുമ്പോള്‍ മാത്രം ബേബിഫുഡ് നല്‍കിയാല്‍ മതി.
6, കുഞ്ഞിനെ ദേഹത്തു കിടത്തി ഉറക്കുരുത്
കുഞ്ഞിന് അമ്മയോ അച്ഛനോ ദേഹത്തോ, വശത്തോ കിടത്തി ഉറക്കുന്ന പതിവുണ്ട്. അങ്ങനെ ചെയ്യാതിരിക്കുക. ചിലപ്പോള്‍ കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും സിഡ്സ്(സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) എന്ന അവസ്ഥവഴി മരണം സംഭവിക്കുകയും ചെയ്യും. കുഞ്ഞിന് സ്വതന്ത്രമായും നന്നായി ശ്വസിച്ചും ഉറങ്ങാനുള്ള അവസരമൊരുക്കുക.
7, കുഞ്ഞിന് തലയിണ വേണ്ട
കുഞ്ഞിന് നന്നായ ഉറങ്ങാന്‍ ചിലര്‍ തലയിണ വെച്ചുകൊടുക്കാറുണ്ട്. കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെടുകയും സിഡ്സ്(സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) എന്ന അവസ്ഥവഴി മരണം സംഭവിക്കാനും ചിലപ്പോള്‍ ഇത് ഇടയാക്കും.
8, കുഞ്ഞിനെ കരയാന്‍ അനുവദിക്കാതിരിക്കുക
കുഞ്ഞ് കരയുമ്പോള്‍, അത് മാറ്റാനുള്ള ശ്രമമാകും അമ്മമാര്‍ നടത്തുക. എന്നാല്‍ അതുവേണ്ട. കരച്ചില്‍ കുഞ്ഞിന്റെ ഉള്ളില്‍നിന്നുള്ള ആശയസംവദനമാണ്. കരയുന്നത് തടസപ്പെടുത്തുന്നത് കുഞ്ഞിന്റെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയെ ബാധിക്കും.