കൈ കാണിച്ചെങ്കിലും നിർത്താൻ കൂട്ടാക്കിയില്ല, ഒടുവിൽ തടഞ്ഞുനിർത്തി; 10 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്കൂട്ടറിന് കൈ കാണിച്ചെങ്കിലും ഷംസുദ്ധീൻ രക്ഷപ്പെടാൻ ശ്രമിച്ചു.
കോഴിക്കോട്: ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വെസ്റ്റ്ഹില്‍ പുതിയങ്ങാടി സ്വദേശി ബിയ്യാത്തുംതൊടി ഷംസുദ്ധീനെ(39) ആണ് നടക്കാവ് എസ്.ഐ ലീലാ വേലായുധനും സംഘവും പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈസ്റ്റ്ഹില്‍ ഫാത്തിമ മാതാ പള്ളിക്ക് സമീപം വെച്ച് ഷംസുദ്ധീന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കൈ കാണിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 10 ലിറ്റര്‍ വിദേശ മദ്യം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഹാര്‍ബറില്‍ വില്‍പ്പനക്കായി കൊണ്ടുപോവുകയാണെന്ന് വ്യക്തമായി.
കോഴിക്കോട് സരോവരത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയിരുന്നത്. മാസങ്ങളോളമായി ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ ധനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീരാഗ്, ഡ്രൈവര്‍ ശോഭിത്ത് എന്നിവരും ഷംസുദ്ധീനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
READ MORE: സംസ്ഥാനത്തെ മൂന്നിടങ്ങളിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ