'അഖില നന്ദകുമാറിനെതിരെയുള്ള കേസ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും'; വിമർശനവുമായി ദാമോദർ പ്രസാദ്
കർഷക സമരം നടക്കുമ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം വരെ കേന്ദ്ര സർക്കാർ ചുമത്തി. ഇവിടെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സാധിക്കാത്തതിനാലാണ് ഗൂഢാലോചന ചുമത്തിയത്.
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ദാമോദർ പ്രസാദ്. കേസെടുത്തത് ഭരണഘടന 19(ജി) വകുപ്പ് നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇവിടെ സ്റ്റേറ്റാണ് ഒരു വ്യക്തിയുടെ പ്രൊഫഷനിലേക്ക് അതിക്രമിച്ച് കയറിയത്. കർഷക സമരം നടക്കുമ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം വരെ കേന്ദ്ര സർക്കാർ ചുമത്തി. ഇവിടെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സാധിക്കാത്തതിനാലാണ് ഗൂഢാലോചന ചുമത്തിയത്.
ഗൂഢാലോചനകുറ്റം എവിടെയും ആരോപിക്കാം. നാളെ ഏത് റിപ്പോർട്ടിലും ഗൂഢാലോചന ആരോപിക്കപ്പെടും. അഴിമതി റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടർ അകത്താകും. എക്സ്ക്ലുസീവ് റിപ്പോർട്ടുകൾ പോലും ഈ ഗണത്തിൽപ്പെടാമെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഈ നിലപാടുമായി പോകുന്നത് ആശങ്കാജനകമാണ്. പാർട്ടിയെ, സർക്കാറിനെ, വിദ്യാർഥി സംഘടനയെ വിമർശിക്കാനുള്ള അവകാശം ആർക്കുമുണ്ട്. അത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്.
എഫ്ഐആർ റദ്ദാക്കുകയാണ് വേണ്ടത്. ഇത്രയും അനീതി നടക്കുമ്പോൾ ഭരണഘടനാ വിദഗ്ധരായ സാംസ്കാരിക പ്രവർത്തകർ എവിടെപ്പോയി ഒളിച്ചിരിക്കുന്നുവെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം അവകാശ ലംഘനം നടക്കുമ്പോൾ ഇവർ മിണ്ടുന്നില്ലെന്നും നിശബ്ദത ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അഖില നന്ദകുമാറിനെതിരായ കേസ്: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയെന്ന് കെ സച്ചിദാനന്ദൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.