Asianet News MalayalamAsianet News Malayalam

കാന്തല്ലൂരിലെ സ്വകാര്യ ഭൂമിയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റ്; സ്ഥലം ഉടമ ഒളിവിലെന്ന് വനം വകുപ്പ്

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനയെ സ്വകാര്യ ഭൂമിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Wild elephant found dead at Idukki Kanthalloor more information is out
Author
First Published Oct 4, 2024, 6:55 AM IST | Last Updated Oct 4, 2024, 6:56 AM IST

ഇടുക്കി: കാന്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടാന ചരിഞ്ഞത് ഷോക്കേറ്റാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സോളാർ വേലിയിലേക്ക് അമിത വൈദ്യുതി നൽകിയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്.

പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ഭൂമിയിലാണ് പ്രദേശവാസികൾ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. സമീപവാസികൾ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. 

സ്ഥലം ഉടമ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആനയല്ല ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം, കാന്തല്ലൂരിൽ ജനങ്ങൾക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇടക്കടവ് പുതുവെട്ട് ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രോഗബാധയെ തുടർന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 

READ MORE: ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios