അന്ന് ജനസമുദ്രത്തിന് മുന്നിൽ ഇന്ദിരയുടെ തീപ്പൊരി പ്രസംഗം; ഇന്ന് അതേ വയനാടൻ മണ്ണിൽ കൊച്ചുമകളുടെ കന്നിയങ്കം

44 വർഷങ്ങൾക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു ഇന്ദിര ഗാന്ധി വയനാട്ടിലെത്തിയത്. അന്ന് വയനാട്ടിലെത്തിയ ഇന്ദിര ഗാന്ധി മാനന്തവാടി ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പ്രസംഗിച്ചത്. ഇന്ദിര ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന്‍റെ ഓര്‍മ്മകളുള്ള വയനാട്ടിലാണിപ്പോള്‍ കൊച്ചുമകളായ പ്രിയങ്ക കന്നിയങ്കത്തിനിറങ്ങുന്നത്.

wayanad remembers indira gandhi's sparkling speech 44 years ago in mananthavady while her grand daughter priyanka gandhi's first election contest

മാനന്തവാടി: ഇന്ദിര ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന്‍റെ ഓർമ്മകൾ ഉള്ള വയനാട്ടിലാണ് പ്രിയങ്ക കന്നിയങ്കം കുറിക്കുന്നത്. 44 വർഷങ്ങൾക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു ഇന്ദിര എത്തിയത്. മാനന്തവാടി സ്കൂൾ ഗ്രൗണ്ടിൽ ഇപ്പോഴും ഉണ്ട് ഇന്ദിര പ്രസംഗിച്ച സ്റ്റേജ്. 1980 ജനുവരി 18നാണ് കോൺഗ്രസ് പിളർപ്പിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന് അന്നത്തെ അഭിമാന പോരാട്ടമായിരുന്നു. വിജയം ഉറപ്പാക്കാൻ പ്രചാരണത്തിന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്നെ രംഗത്തിറങ്ങി. അങ്ങനെയാണ് പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ദിര ഗാന്ധി മാനന്തവാടിയിൽ പറന്നിറങ്ങിയത്.

കബനി നദിക്കരികിൽ മാനന്തവാടി സർക്കാർ ഹൈസ്കൂൾ ഗ്രൗണ്ടിൽ കെട്ടിയ സ്റ്റേജിലാണ് ഇന്ത്യയുടെ ഉരുക്ക് വനിത അന്ന് പ്രസംഗിച്ചത്.  ഇന്ദിര ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ മാനന്തവാടി സര്‍ക്കാര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് ആളുകൾ ഇരച്ചെത്തി. ഉറച്ച ശരീഭാഷയിൽ, അതിനേക്കാൾ ഉറച്ച ശബ്ദത്തിൽ ഇന്ദിര പ്രസംഗിച്ചപ്പോള്‍ കയ്യടികളോടെയാണ് ആളുകള്‍ സ്വീകരിച്ചത്. ജനസമുദ്രമായിരുന്നു അന്ന് ഗ്രൗണ്ടിലെത്തിയതെന്നും രാഷ്ട്രീയത്തിനുമപ്പുറം ഇന്ദിര ഗാന്ധിയെ കാണാനെത്തിയവരായിരുന്നു കൂടുതലുമുണ്ടായിരുന്നതെന്ന് മാനന്തവാടി സ്വദേശിയായ പി സൂപ്പി ഓര്‍ത്തെടുത്തു. മാസ്മരിക പ്രഭയുള്ള ഒരു നേതാവായിരുന്നു ഇന്ദിരയെന്നും സൂപ്പി പറയുന്നു. ഗ്രൗണ്ടിന്‍റെ അരികിലായി ഇന്ദിര ഗാന്ധി അന്ന് പ്രസംഗിച്ച സ്റ്റേജിന്‍റെ ഭാഗങ്ങള്‍ ഇപ്പോഴുമുണ്ട്.

പിന്നീട് ഇന്ദിരയുടെ പ്രഭാവമറ്റെങ്കിലും പിളര്‍പ്പിന്‍റെ ക്ഷീണം വയനാട്ടിലെ കോണ്‍ഗ്രസിനെ ബാധിച്ചില്ല. മൂന്ന് മണ്ഡലങ്ങളിലും അന്ന് കോണ്‍ഗ്രസ് മുന്നണിക്കായിരുന്നു വിജയം. 44 കൊല്ലങ്ങൾക്ക് ഇപ്പുറം വയനാട്ടിൽ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ പ്രിയങ്ക സ്ഥാനാർഥിയായി എത്തുമ്പോള്‍ സഹോദരൻ രാഹുൽ ഗാന്ധി ഒരുക്കിയ പാത മുന്നിലുണ്ട്. അന്ന് ഇന്ദിര എത്തിയത് വെല്ലുവിളികൾക്ക് നടുവിലാണെങ്കില്‍ പ്രിയങ്കയ്ക്ക് ഇത് തുടക്കം മാത്രമാണ്. ഇന്ന് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്കായി അമ്മ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വയനാട്ടിലെത്തിയിട്ടുണ്ട്. റോഡ് ഷോയോടെ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയാണ് പ്രിയങ്ക.

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമര്‍പ്പണം

 

 

Latest Videos
Follow Us:
Download App:
  • android
  • ios