വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമെന്ന് പ്രിയങ്ക; വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു, കൂടെയുണ്ടാകും

ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും ഇത് തന്‍റെ പുതിയ യാത്രയാണെന്നും വയനാടിന്‍റെ കൂടെയുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി റോഡ് ഷോയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

Wayanad by-election 2024 Priyanka Gandhi nomination live updates priyanka speaks at kalpetta road show

കല്‍പ്പറ്റ: ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും വയനാട്ടിലെ യുഡ‍ിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റയെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അനുസ്മരിച്ചു.

ഇന്നിപ്പോള്‍ 35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെര‍ഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തവമായ അനുഭവമാണ്. വയനാട്ടിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാൻ വയനാട്ടിലെ മുണ്ടക്കൈയിൽ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ ഞാൻ കണ്ടു. ഉരുള്‍പൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാൻ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നൽകിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തിൽ സ്പര്‍ശിച്ചു. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാത്തെ സ്പര്‍ശിച്ചു. വയനാടിന്‍റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാർ. ഇതിനു മുൻപ് ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഞാൻ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങള്‍ എന്‍റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാൻ ഉണ്ടാകും. ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി; ആവേശക്കടലായി കല്‍പ്പറ്റ, രാഹുലിനൊപ്പം റോഡ് ഷോ തുടങ്ങി

 

Latest Videos
Follow Us:
Download App:
  • android
  • ios