'ഞാന്‍ വോട്ട് ചെയ്യും, നിങ്ങളും ഭാഗമാകൂ'; വോട്ടർമാരോട് അഭ്യർഥിച്ച് കുഞ്ചാക്കോ ബോബന്‍- വീഡിയോ

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ബോധവല്‍ക്കരണ വീഡിയോയില്‍ വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി കുഞ്ചാക്കോ ബോബന്‍

Watch Kunchacko Boban urges voters in kerala to poll in Lok Sabha Elections 2024

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന്‍ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ). ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിച്ചു. 

'എല്ലാവർക്കും നമസ്കാരം, ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു' എന്നുമാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ വീഡിയോയില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. 

രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.

Read more: വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

സംസ്ഥാനത്ത് 20 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. കാസർകോട്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റങ്ങല്‍, തിരുവനന്തപുരം. സംസ്ഥാനത്ത് എല്‍ഡിഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios