Anupama: 'പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം, ഇനി കുഞ്ഞിനെ കയ്യിൽ കിട്ടുമെന്ന് കരുതുന്നു', സന്തോഷത്തോടെ അനുപമ
തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ അറിയിച്ചു.
തിരുവനന്തപുരം: ആന്ധ്ര പ്രദേശിൽ നിന്നും എത്തിച്ച കുഞ്ഞ് തങ്ങളുടേതെന്ന് തെളിഞ്ഞതിൽ സന്തോഷമെന്ന് അനുപമയും (anupama)അജിത്തും. ഡിഎൻഎ( dna) പരിശോധനയിൽ തെളിഞ്ഞതോടെ കുഞ്ഞിനെ അടുത്തു തന്നെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ അറിയിച്ചു.
''കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് (dna test positive)ആണെന്ന് ആരും ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ട്. എത്രയും പെട്ടന്ന് കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടുമെന്നാണ് കരുതുന്നുവെന്നും'' അവർ പറഞ്ഞു.
ആന്ധ്ര പ്രദേശിൽ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ഇന്നലെയാണ് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിൽ പരിശോധനയ്ക്ക് അയച്ചത്. അനുപമയും അജിത്തും നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് വേണ്ടി രക്തസാമ്പിൾ നൽകിയിരുന്നു. മാസങ്ങൾ നീണ്ട അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനും പോരാട്ടത്തിനും അവസാനിമിട്ട് ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം പോസിറ്റീവ് എന്ന വിവരം പുറത്ത് വന്നത്. കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.
ഒക്ടോബര്‍ 14-ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും ശിശുക്ഷേമ സമിതിയിലും പൊലീസിലും കുഞ്ഞിനെ തേടി അലഞ്ഞിട്ടും അനുപമയ്ക്ക് നീതി ലഭിച്ചില്ല. ഒടുവിൽ വാർത്ത പുറത്ത് വന്നതോടെയാണ് പൊലീസ് പോലും പരാതിയിൽ കേസ് എടുക്കാൻ തയ്യാറായത്. വാർത്തയായതോടെ പിന്നീട് നടപടികളും വേഗത്തിലായിത്തുടങ്ങി.
Anupama Child Missing Case : കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്, ഫലം കൈമാറി
കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സൻ ഒളിച്ച് വെക്കുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികളും പുറത്ത് വന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയിരുന്നെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് കുഞ്ഞിന് അതിവേഗത്തിൽ ദത്ത് കൊടുക്കുകയായിരുന്നു.