Asianet News MalayalamAsianet News Malayalam

എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ലെന്ന് വി ഡി സതീശന്‍, എംഎല്‍എമാരെ ആക്രമിച്ചത് പോലീസ് ഒത്താശയോടെ

സിപിഎമ്മിലെ ജീര്‍ണത യുവജന വിദ്യാര്‍ത്ഥി സംഘടനയെയും ബാധിച്ചുവെന്ന് പ്രതിപക്ഷനേതാവ്

vdsatheesan against SFI
Author
First Published Jul 3, 2024, 12:26 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്‍റ്  സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല.

സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം.വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്എഫ്ഐ ക്രിമിനലുകള്‍ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്.

എസ്എഫ്ഐ സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്കും കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികള്‍ക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സിപിഎം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും കാണുന്നത്.

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കാമ്പസുകളില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനമല്ല കൊടും ക്രൂരതയാണ് എസ്എഫ്ഐ ക്രിമനലുകള്‍ കാമ്പസുകളില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios