'മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത് പരസ്പരവിരുദ്ധം', സിപിഎം പൊട്ടിത്തെറിയിലേക്കെന്ന് വിഡി സതീശൻ
പോരാളി ഷാജിയെന്നത് സി.പി.എം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം; തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധം; സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്ക്
പറവൂർ: തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീര്‍ണതയാണ് സി.പി.എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഞങ്ങളെയൊക്കെ ഇവര്‍ എത്ര അപമാനിച്ചതാണ്. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. അത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോണ്‍ഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സി.പി.എമ്മില്‍ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് തന്നെ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകും. സി.പി.എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്.
എന്നിട്ടും മാധ്യമങ്ങള്‍ കാണാതെ പോയത് എന്തുകൊണ്ടാണ്. എ വി ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളില്‍ നിന്നാണ് സംസാരിച്ചത്. സര്‍ക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സി പി എം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തില്‍ യു.ഡി.എഫ് ഇത്തവണ ലീഡ് ചെയ്തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണ്.
തൃശൂരില്‍ ഡി.സി.സി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. രണ്ടു സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യു.ഡി.എഫായിരിക്കുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ഒരു രീതിയുണ്ട്.
ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കര്‍ണാടകത്തിലില്ല. നികുതി കൂട്ടിയാല്‍ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിപ്പോള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പുനര്‍ജ്ജനി പദ്ധതിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പുനര്‍ജ്ജനി ഭവന നിര്‍മ്മാണ പദ്ധതി മാത്രമല്ല. ആരോഗ്യ, വിദ്യാഭ്യാസ പരിപാടികളുമുണ്ട്. ശ്രവണോപകരണങ്ങളും നല്‍കുന്നുണ്ട്. ഈ വര്‍ഷം മൂന്നു പേര്‍ക്ക് നല്‍കി. മറ്റൊരു കുട്ടിക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്താനുള്ള പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴിയിലായ സാഹചര്യത്തില്‍ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതി മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 455000 വീടുകള്‍ വച്ചപ്പോള്‍ ഈ സര്‍ക്കാര്‍ എട്ടു വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം വീടുകള്‍ മാത്രമാണ് വച്ചത്. അതുകൊണ്ടു തന്നെയാണ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതും. പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടന്നിട്ടില്ല.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സംഘം അന്വേഷിച്ച് പരാതി മടക്കിയതാണ്. പ്രോസിക്യൂഷന്‍ അനുമതി തേടിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു പറഞ്ഞ് സ്പീക്കര്‍ തള്ളി. ഇതിനു പിന്നാലെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനും ഡിവിഷന്‍ ബെഞ്ചിനും നല്‍കിയ പരാതികള്‍ നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷന്‍ സ്‌റ്റേജില്‍ തന്നെ തള്ളിക്കളഞ്ഞു.
പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴാണ് ക്യുക്ക് വെരിഫിക്കേഷന് ഒരു വര്‍ഷം മുന്‍പ് നിര്‍ദ്ദേശം നല്‍കിയത്. എന്നിട്ട് ഇതുവരെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. പുനര്‍ജ്ജനിയില്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമുണ്ട്. സ്‌പോണ്‍സേഴ്‌സിന് നേരിട്ടും കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ചും വീടുകള്‍ നിര്‍മ്മിക്കാം. അര്‍ഹത മാത്രമാണ് മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം