'പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് പെട്ടി ദൂരേക്ക് വലിച്ചെറിയേണ്ടി വന്നു': വിചിത്രമായ കാഴ്ചയെന്ന് സതീശൻ

മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് വി ഡി സതീശൻ.

V D Satheesan mocks at CPIM leaders in trolley controversy

ചേലക്കര: സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങള്‍ സിപിഎം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായി.  മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് വി ഡി സതീശൻ പറഞ്ഞു. 

മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങള്‍ മാറ്റാന്‍ യുഡിഎഫ് അനുവദിക്കില്ല. ഖജനാവ് കാലിയാക്കി, എല്ലാ രംഗത്തും ജനങ്ങള്‍ക്ക് ആഘാതം ഏല്‍പ്പിച്ച് കേരളത്തെ തകര്‍ത്തു കളഞ്ഞ ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാകും  യുഡിഎഫ് വിജയത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെതിരെ അതിശക്തമായ വികാരം ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുര്‍ഭരണമാണ് പിണറായി സര്‍ക്കാരിന്റേത്. കുടുംബയോഗങ്ങളില്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓര്‍മ്മിപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് ഇടയിലും സര്‍ക്കാരിനെതിരെ അതിശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ബി.ജെ.പി- സി.പി.എം ബാന്ധവവും എല്ലാവര്‍ക്കും മനസിലായെന്ന് വി ഡി സതീശൻ ആരോപിച്ചു. 

നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നതിനു വേണ്ടിയാണ് കളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചതെന്നും സതീശൻ ആരോപിച്ചു. ആദ്യം റവന്യൂ വകുപ്പിന് നല്‍കിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം കളക്ടര്‍ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. കളക്ടറെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു. 

ട്രോളി വിവാദം അനാവശ്യം, മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്ന് പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്: എന്‍എന്‍കൃഷ്ണദാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios