ജീവനെടുത്ത് കൊവിഡ്; മലപ്പുറത്തും പത്തനംതിട്ടയിലും വീണ്ടും മരണം
ഇന്ന് അഞ്ച് മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മലപ്പുറം: മലപ്പുറത്തും പത്തനംതിട്ടയിലും കൊവിഡ് ബാധിച്ച് വീണ്ടും മരണം. മലപ്പുറത്ത് രണ്ടുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്. അരിമ്പ്ര സ്വദേശി ഫാത്തിമ (70), പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വർഗീസ് (66) എന്നിവരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. പന്തളം കുരമ്പാല ഗിരിജാഭവനത്തിൽ മീനാക്ഷിയമ്മ (60) ആണ് പത്തനംതിട്ടയിൽ മരിച്ചത്.
ഇന്ന് അഞ്ച് മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗസ്റ്റ് 19 ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14 ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണ്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.