Asianet News MalayalamAsianet News Malayalam

മനം നിറച്ച് പൊങ്കാല, തൃശ്ശൂരിലെ സദാചാരക്കൊല, ബാല ആശുപത്രിയില്‍, വിദ്യാർത്ഥിനികൾക്ക് പ്രസവാവധി- 10 വാർത്ത

രാഷ്ട്രീയ വൈര്യം കൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള നിലയിലാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റേയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റേയും  പ്രവർത്തികളെന്ന് കെഎസ് ‍യു- ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ അറിയാം.

todays top ten news 7-3-2013 vkv
Author
First Published Mar 7, 2023, 6:18 PM IST | Last Updated Mar 7, 2023, 6:18 PM IST

1. പുണ്യം, മനം നിറച്ച് പൊങ്കാല: നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

ആറ്റുകാൽ പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ട ഇത്തവണ ആറ്റുകാൽ പൊങ്കാല ഇക്കുറി ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി മാറി. ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി ഇതര ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. പൊങ്കാലക്കെത്തിയ ഭക്തരാൽ ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞു കവിഞ്ഞ നിലയായിരുന്നു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്. 

2. 'ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ർമിതമാണോ? മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണം': ഹൈക്കോടതി

കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ നാളെ വിശദമായ റിപ്പോർട്ട് നൽകണമെന്ന്  കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീറ് സെക്രട്ടറിയെ കോടതി ഹർജിയിൽ കക്ഷി ചേർത്തു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കാരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ  സെക്രട്ടറിയോട് നാളെയും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഹർജി നാളെ പരിഗണിക്കാൻ മാറ്റി. 

3. 'ഒസാമ ബിൻ ലാദന്‍ ഉപമക്ക് പിന്നില്‍ എം.വി ജയരാജന്‍റെ ഉള്ളിലെ വർഗീയത, ഇത് പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനം '

ജയരാജൻമാർ  പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനമാമെന്ന് കെഎസ് യു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. രാഷ്ട്രീയ വൈര്യം കൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള നിലയിലാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റേയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റേയും  പ്രവർത്തികൾ. സമരം ചെയ്യുന്നവരോടും വിമർശിക്കുന്നവരോടും പരിഹാസവും അവഹേളനവും സ്ത്രീവിരുദ്ധദതയും വംശീയ- വർഗീയ അധിക്ഷേപങ്ങളും എൽ.ഡി.എഫ് അവസാനിപ്പിക്കണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലിനെ ഒസാമ ബിൻ ലാദനുമായി ഉപമിക്കുന്നത് എം.വി ജയരാജന്‍റെ  ഉള്ളിൽ നിലനിൽക്കുന്ന വർഗീയത തന്നെയാണ്.

4. തൃശ്ശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; കൊലയാളികൾ ഒളിവിൽ

തിരുവാണിക്കാവിൽ  സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ  ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ മർദ്ദനദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

5. വിദ്യാര്‍ത്ഥിനികൾക്ക് പ്രസവാവധി ആറ് മാസം, ആര്‍ത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല

കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ച് പ്രിൻസിപ്പാൾമാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താൻ അനുമതി നൽകാം. 

6. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമം; വർക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുടുങ്ങിയ ഇൻസ്ട്രക്ടറെയും കോയമ്പത്തൂർ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. ഹൈ മാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. 
 

7.'കേന്ദ്രം ബിബിസിയോട് കാണിച്ച സമീപനം, കേരളത്തിൽ സിപിഎം ഏഷ്യാനെറ്റ് ന്യൂസിനോട് എടുക്കുന്നു' പ്രതികരണവുമായി ലീഗ്

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിലും, കോഴിക്കോട് ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത്.ഏഷ്യാനെറ്റ്‌ ഉയർത്തിക്കൊണ്ട് വന്നത് സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ ലഹരിഭീഷണി.അതിന്‍റെ  പേരിൽ വലിയ ആക്രമണം ഉണ്ടായി.മാധ്യമ സ്വാതന്ത്ര്യം വലിയ രീതിയിൽ ഹനിക്കപ്പെട്ടു.ഇതിനെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് എതിർക്കണം.കേന്ദ്രം ബിബിസിയോട് കാണിച്ച സമീപനം തന്നെ ഇവിടെ  കേരളത്തിൽ സിപിഎം എടുത്തുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

8. നടൻ ബാല ആശുപത്രിയിൽ

നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.

9. ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം: ലുട്ടാപ്പി സതീഷിനെ വെട്ടി, ആക്രമണത്തിന് പിന്നിൽ മുൻ കൂട്ടാളി

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. 

10. മുന്നണി മാറ്റ സാധ്യത തള്ളി പാണക്കാട് സാദിഖലി തങ്ങൾ: ലീഗിൻ്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തൽ

ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ.  ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം  കൂടിയാണെന്നും സാദിഖലി  തങ്ങൾ. മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യുഡിഎഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണ്.

Latest Videos
Follow Us:
Download App:
  • android
  • ios