Asianet News MalayalamAsianet News Malayalam

'മോദിയുടെ മോഹം', ചുട്ടുപൊള്ളി നാട്, അഴിമതിക്കേസിൽ കുടുങ്ങി ബിജെപി എംഎൽഎ, ഇൻഡോറിലെ ചതിച്ച കുഴികൾ - 10 വാർത്ത

ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ...

today top 10 news 03-03-2023 btb
Author
First Published Mar 3, 2023, 5:49 PM IST | Last Updated Mar 3, 2023, 5:49 PM IST

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഇന്ന് കേരളം സുപ്രധാനമായി ചര്‍ച്ച ചെയ്തത്. നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ടും ഇന്ന് പുറത്ത് വന്നു. കൂടാതെ, മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്‍റെ പരാമര്‍ശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കിയും പ്രധാന വാര്‍ത്തകളിലൊന്നാണ്. കണ്ണൂർ, കാസര്‍ഗോഡ്  ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ ഇതാ...

മോദിയുടേത് അതിരുകവിഞ്ഞ മോഹമെന്ന് മുഖ്യമന്ത്രി

അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂരിൽ കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം; വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്

കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്‍റെ പരാമര്‍ശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കി

ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴൽനാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളിൽ ഒഴിവാക്കിയത്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമർശവും സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

'ചുട്ടുപൊള്ളും'; രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 3 &4 )  ഉയർന്ന താപനില. സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അഴിമതിക്കേസിൽ ബിജെപി എംഎൽഎ ഒന്നാം പ്രതി, മകൻ അറസ്റ്റിൽ

കർണാടകയിൽ ബിജെപി എംഎൽഎയ്ക്ക് വേണ്ടി കോൺട്രാക്റ്ററിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ്സുകാരനായ മകൻ അറസ്റ്റിൽ. ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സിന്‍റെ ചെയ‍ർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാർ മാഡലാണ് അറസ്റ്റിലായത്. കേസിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തിട്ടുണ്ട്. 

'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം'; ഷുഹൈബ് വധക്കേസിൽ വിഡി സതീശൻ, പ്രതിപക്ഷം സഭ വിട്ടിറങ്ങി

ഷുഹൈബ് വധക്കേസിൽ പ്രക്ഷുബ്‍ദമായി നിയമസഭ. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിനോദയാത്ര പോയ എറണാകുളത്തെ 2 സ്കൂളുകളിലെ കുട്ടികൾക്ക് കൂട്ട പനി

എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെയും പനങ്ങാട് ഹയർസെക്കൻഡറി സ്കൂളിലെയും കുട്ടികൾക്ക് കൂട്ടത്തോടെ പനി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പനങ്ങാട് സ്കൂളിലെ എട്ട് കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം വന്നാലെ എലിപ്പനി ഉറപ്പിക്കാനാകൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പനിയും, ശ്വാസതടസവും; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ  ഗംഗാറാം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

പെഗാസെസ് ഉപയോഗിച്ച് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി

തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.

ഇന്‍ഡോറിലെ കുഴികള്‍ ഇന്ത്യയെ ചതിച്ചു; മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios