മദ്യലഹരിയിൽ അധ്യാപകൻ കുട്ടിയുടെ മുടിമുറിച്ചു, കരച്ചിൽകേട്ട് നാട്ടുകാരെത്തി; മദ്ധ്യപ്രദേശിൽ നടപടിയുമായി അധികൃതർ
സ്കൂളിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അവിടേക്ക് വന്നത്. ഒരു കൈയിൽ കത്രികയും പിടിച്ച് കുട്ടിയുടെ മുടി മുറിയ്ക്കുന്ന അധ്യാപകനെയാണ് കണ്ടത്. കുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു.
ഭോപ്പാൽ: അധ്യാപക ദിനത്തിൽ വിദ്യാർത്ഥിനിയുടെ മുടിമുറിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മുറി മുറിയ്ക്കുന്നതിന്റെയും ഭയന്നുപോയ കുട്ടി നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ സമൽഖേദിയിലാണ് സംഭവം.
വീർ സിങ് മേധ എന്ന അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നടപടി സ്വീകരിച്ച വിവരം ജില്ലാ കളക്ടർ രാജേഷ് ബാതം സ്ഥിരീകരിച്ചു. സ്കൂളിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അവിടേക്ക് ചെന്നത്. മദ്യലഹരയിലായിരുന്ന അധ്യാപകൻ പെൺകുട്ടിയുടെ മുടി മുറിയ്ക്കുന്നതും കുട്ടി കരയുന്നതുമാണ് കണ്ടത്. നാട്ടുകാർ കാര്യം ചോദിച്ചപ്പോൾ പഠിക്കാത്തതിന് കുട്ടിയെ ശിക്ഷിക്കുകയാണെന്നായിരുന്നു ഇയാളുടെ വാദം. നാട്ടുകാർ ഇടപെട്ട് കുട്ടിയെ ഇയാളുടെ അടുത്ത് നിന്ന് മാറ്റി. സംഭവങ്ങൾ ചിലർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
ഒരു കൈയിൽ കത്രികയുമായി നിൽക്കുന്ന അധ്യാപകൻ, കുട്ടിയുടെ, കെട്ടിവെച്ചിരിക്കുന്ന മുടിയിൽ പിടിച്ചു നിൽക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ ഇടപെടുമ്പോൾ ഇയാൾ അവരോട് കയർക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ജില്ലാ കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ കളക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം