കൊവിഡ് പ്രതിരോധം; സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് തൃശ്ശൂർ പൊലീസ്, ഒപ്പം മുന്നൂറോളം യുവാക്കളും
വളണ്ടിയർമാരെ പൊതുജനത്തിന് തിരിച്ചറിയാൻ പ്രത്യേക കോട്ട് ഡിഐജി സമ്മാനിച്ചു. പ്രതിഫലം വാങ്ങാതെയാണ് വളണ്ടിയർമാരുടെ സേവനം.
തൃശ്ശൂർ: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഈ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തിന് സന്നദ്ധ പ്രവർത്തകരുമായി കൈകോർക്കുകയാണ് തൃശ്ശൂർ പൊലീസ്. ജില്ലയിൽ മൂന്നൂറിലധികം യുവാക്കളെയാണ് പൊലീസ് വളണ്ടിയർമാരായി സ്വീകരിച്ചത്.
നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോയെന്ന് ദിവസവും പരിശോധിക്കുക, നിയന്ത്രണ മേഖലകളിൽ ജാഗ്രത പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ പൊലീസുകാരെ സഹായിക്കാനാണ് വളണ്ടിയർമാരെ നിയമിച്ചത്. ഒരു സ്റ്റേഷനിൽ 20 വളണ്ടിയർമാരെയാണ് നിയമിച്ചിരിക്കുന്നത്.
ഇവർ മുതിർന്ന ഉദ്യാഗസ്ഥരുടെ നിദേശപ്രകാരം കൊവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളാവും. ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇവർ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വളണ്ടിയർമാരെ പൊതുജനത്തിന് തിരിച്ചറിയാൻ പ്രത്യേക കോട്ട് ഡിഐജി സമ്മാനിച്ചു. പ്രതിഫലം വാങ്ങാതെയാണ് വളണ്ടിയർമാരുടെ സേവനം.