'നിരവധി വായ്പകൾ ഉണ്ടായിരുന്നു'; സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് നരബലി നടത്തിയതെന്ന് ദമ്പതികളുടെ മൊഴി
നിരവധി വായ്പകൾ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകൾ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും പരിശോധിക്കും.
അതേസമയം, പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജാരാക്കുമെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഭഗവൽ സിംഗിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തും. നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. പ്രതികള്‍ രണ്ട് മൃതദേഹങ്ങള്‍ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. വീടിനുള്ളിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇവയുടെ ഫൊറൻസിക് പരിശോധന നടത്തുമെന്നും കൂടുതൽ തെളിവ് കണ്ടെത്താൻ വീട് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും ഡിഐജി പറഞ്ഞു.
സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നരബലി നടത്താൻ ഉപദേശിച്ച വ്യാജ സിദ്ധൻ, ഭാര്യയുമായി ചേര്‍ന്ന് കൊലപാതകം നടത്തിയ വൈദ്യൻ ഭഗവത് സിംഗ് സിനിമാ കഥകളെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ നരബലി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി നടന്നത്. കൊച്ചി ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.