18 വർഷത്തെ നിയമ പോരാട്ടം, 44 വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തി 70 കഴിഞ്ഞ ദമ്പതികൾ, 3.07 കോടി രൂപ നഷ്ടപരിഹാരം
ഒടുവിൽ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനത്തിലെത്തിയത്. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പണം, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ എന്നിങ്ങനെയായിട്ടാണ് നൽകേണ്ടത്.
ഛണ്ഡീഗഡ്: 18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 44 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തി വയോധിക ദമ്പതികൾ. ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള ദമ്പതികളാണ് ദാമ്പത്യം അവസാനിപ്പിച്ചത്. 73 കാരിയായ ഭാര്യക്ക് നഷ്ടപരിഹാരമായി 3.07 കോടി രൂപ നൽകാമെന്ന് 70കാനായ ഭർത്താവ് സമ്മതിച്ചു. പതിറ്റാണ്ടുകളോളം ഇരുവരും അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കളും വിഭജിച്ചു. വിവാഹമോചന കരാർ പാലിക്കുന്നതിനായി ഭർത്താവ് ഭൂമി വിറ്റു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മധ്യസ്ഥ ഒത്തുതീർപ്പിലൂടെയാണ് കേസ് അവസാനിച്ചത്. 1980 ആഗസ്റ്റ് 27 ന് ദമ്പതികൾ വിവാഹിതരായി. ബന്ധത്തിൽ രണ്ട് പെൺകുട്ടികളും ഒരാൾകുട്ടിയുമുണ്ടായി.
എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ഇത് അവരുടെ ബന്ധത്തിൻ്റെ വിള്ളൽ വീഴ്ത്തി. 2006 മെയ് 8ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് മാനസികമായ പീഡനം ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. എന്നാൽ 2013-ൽ കർണാൽ കുടുംബ കോടതി അദ്ദേഹത്തിൻ്റെ ഹർജി തള്ളി. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ കേസ് 11 വർഷത്തോളം നീണ്ടുനിന്നപ്പോൾ കോടതി കേസ് മധ്യസ്ഥതയ്ക്കും ഒത്തുതീർപ്പിനും വിട്ടു.
ഒടുവിൽ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനത്തിലെത്തിയത്. ഈ തുക ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പണം, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ എന്നിങ്ങനെയായിട്ടാണ് നൽകേണ്ടത്. ഭൂമി വിറ്റ് 2.16 കോടി രൂപയും കരിമ്പ് ഉൾപ്പെടെയുള്ള വിളകളിൽ നിന്നുള്ള വരുമാനം, 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവ കൈമാറി. ഇതോടെ ഭർത്താവിൻ്റെ സ്വത്തുക്കളിൽ ഭാര്യക്കോ കുട്ടികൾക്കോ ഉണ്ടായിരുന്നേക്കാവുന്ന എല്ലാ അവകാശവും അവസാനിപ്പിച്ചു. ഒന്നാം കക്ഷിയുടെ മരണത്തിനു ശേഷവും, രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷി (ഭാര്യയും മക്കളും) എസ്റ്റേറ്റിൻ്റെ മേൽ ഒരു അവകാശവാദവും ഉന്നയിക്കില്ലെന്നും കരാറിൽ പറയുന്നു.