Asianet News MalayalamAsianet News Malayalam

"അഭിമുഖത്തിനിടെ മൂന്നാമതൊരാൾ കൂടി കയറി വന്നു, അര മണിക്കൂർ ഇരുന്നു", അതാരാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇങ്ങനെ അപരിചിതനായ ഒരാൾക്ക് എങ്ങനെ വരാൻ കഴിയുമെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Third person came in during the interview for the hindu news paper and does not know who is him says CM
Author
First Published Oct 3, 2024, 1:22 PM IST | Last Updated Oct 3, 2024, 1:24 PM IST

തിരുവനന്തപുരം: ദ ഹിന്ദു ദിനപ്പത്രത്തിന് വേണ്ടി താൻ അനുവദിച്ച അഭിമുഖം നടക്കുന്നതിനിടെ അവിടേക്ക് ഒരാൾ കൂടി കടന്നുവന്നുവെന്നും അതാരാണെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീടാണ് അയാൾ ഏതോ ഏജൻസിയുടെ ആളാണെന്ന് അറിഞ്ഞത്. തനിക്ക് ഒരു ഏജൻസിയുമായും ബന്ധമില്ല, ആ വന്ന ആളിനെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയാൾ ദ ഹിന്ദുവിന്റെ മാധ്യമ സംഘത്തിലുള്ള ആളാണെന്നാണ് താൻ കരുതിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇങ്ങനെ അപരിചിതനായ ഒരാൾക്ക് എങ്ങനെ വരാൻ കഴിയുമെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
"ദ ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരാനാണ്. ആലപ്പുഴയിലെ ദേവകുമാറിന്റെ (മുൻ എംഎൽഎ ദേവകുമാർ) മകനാണ്. അദ്ദേഹം ഹിന്ദുവിന് ഒരു അഭിമുഖം കൊടുത്തുകൂടേ എന്ന് ചോദിച്ചു. ഹിന്ദുവിന് അഭിമുഖം കൊടുക്കുന്നതിൽ വേറെ പ്രശ്നമൊന്നുമില്ല. അത് എനിക്കും താത്പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന് പറഞ്ഞു. സമയം നൽകി."

"രണ്ട് പേരാണ് അഭിമുഖം എടുക്കാൻ വന്നത്. ഒരാൾ ഒറ്റപ്പാലം സ്വദേശിയായ ഒരു ലേഖികയായിരുന്നു. തന്നെ നേരത്തെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് എന്ന് അവർ പറഞ്ഞു. അത് തനിക്ക് ഓർമയുണ്ടായിരുന്നില്ല. അവരെ പരിചയപ്പെട്ടു. ഇന്റർവ്യൂ ആരംഭിച്ചു. നിരവധി ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടിയും പറഞ്ഞു. ഒരു ചോദ്യം അൻവറിനെക്കുറിച്ചായിരുന്നു. അത് വിശദമായി പറഞ്ഞുകഴിഞ്ഞതാണെന്നും  അത് ആവർത്തിക്കുന്നില്ലെന്നും പറഞ്ഞു. നല്ല നിലയിൽ തന്നെ അഭിമുഖം അവസാനിക്കുകയും ചെയ്തു. "

"എന്നാൽ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചു വന്നപ്പോൾ താൻ പറയാത്ത കാര്യങ്ങളും അതിലുണ്ടായി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞിരുന്നതാണ്. ഏതെങ്കിലും ജില്ലയെയോ പ്രത്യേക വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ അത്തരമൊരു കാര്യം എന്റേതായി എങ്ങനെ കൊടുത്തു എന്നത് മനസിലാക്കാൻ സാധിച്ചിട്ടില്ല. അതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്.  താനോ സർക്കാറോ ഒരു പി.ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും താനും സർക്കാറോ ചെലവഴിച്ചിട്ടുമില്ല."

"ദേവകുമാറിന്റെ മകൻ രാഷ്ട്രീയമായി ചെറുപ്പം മുതൽ കൂടെ നിൽക്കുന്നയാളും കൃത്യമായി രാഷ്ട്രീയ നിലപാടുള്ള ആളുമാണ്. അയാളിങ്ങനെ പറഞ്ഞപ്പോൾ അഭിമുഖത്തിന് തയ്യാറായി എന്ന് മാത്രമേയുള്ളൂ. അയാളെയും നയിച്ചിട്ടുള്ളത് ആ രാഷ്ട്രീയ നിലപാട് തന്നെയായിരിക്കും. മറ്റ് കാര്യങ്ങൾ അവ‍ർ തമ്മിൽ തീരുമാനിക്കേണ്ടതാണ്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. അതിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പറയാത്തൊരു കാര്യം പറഞ്ഞുവെന്ന് കൊടുക്കാൻ പാടില്ലായിരുന്നു. ഈ പറയുന്ന തരത്തിലുള്ള ഏതെങ്കിലും കാര്യം ഈ ചെറുപ്പക്കാരനിൽ നിന്ന് അവർ വാങ്ങിയോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്."

"രണ്ട് പേരാണ് അഭിമുഖ സമയത്ത് ഉണ്ടായിരുന്നത്. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ കൂടി കടന്നുവന്നു. മാധ്യമ പ്രവർത്തകരുടെ കൂടെയുള്ള ആളായാണ് അയാളെയും മനസിലാക്കിയത്. പിന്നീടാണ് അയാളൊരു ഏജൻസിയുടെ ആളാണെന്ന് അറിഞ്ഞത്. തനിക്ക് ആ വന്നയാളെയോ ഏജൻസിയെയോ അറിയില്ല. കേരള ഹൗസിൽ വെച്ചു നടന്ന ഇന്റർവ്യൂവിനിടെ ഇങ്ങനെ ഒരാൾ വന്നുവെന്ന കാര്യം ശരിയാണ്. അതല്ലാതെ എനിക്കൊരു ഏജൻസിയുമായും ബന്ധമില്ല. ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുമില്ല. ഒരു ഏജൻസിക്കും ഇതിന്റെ ഉത്തരവാദിത്തെ കൊടുത്തിട്ടുമില്ല." - മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios