എവേ ഗ്രൗണ്ടില്‍ ആദ്യജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്സ്! ഇന്ന് എതിരാളി ഒഡീഷ എഫ്‌സി
ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ലൊബോറോയുടെ ടീം ഒന്‍പതിലും ജയിച്ചു.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. എതിരാളികളുടെ തട്ടകത്തില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഒഡീഷയുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കുടുങ്ങിയ സമനിലക്കുരുക്ക് പൊട്ടിച്ചെറിയിക്കുക എന്നുള്ളതാണ്.
ജംഷെഡ്പൂര്‍ എഫ്‌സിയെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഒഡീഷ. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഗതിയും വിധിയും മാറ്റുമെന്നുറപ്പ്. അധ്വാനിച്ച് കളിക്കുന്ന നോവ സദോയിയുടെ ബൂട്ടുകളിലേക്ക് ഉറ്റുനോക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. കലിംഗ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ റോയ് കൃഷ്ണ, ഹ്യൂഗോ ബൗമോ, അഹമ്മദ് ജാഹു ത്രയത്തേക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ഭയപ്പെടുന്നത് ഒഡീഷ കോച്ച് സെര്‍ജിയോ ലൊബോറോയുടെ തന്ത്രങ്ങളെ.
ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ലൊബോറോയുടെ ടീം ഒന്‍പതിലും ജയിച്ചു. ഒരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിനെതിരെ ഒരു പരിശീലകന്റെ ഏറ്റവും മികച്ച റെക്കോര്‍ഡ്. ഇതുവരെയുള്ള പ്രകടനത്തില്‍ പൂര്‍ണ തൃപ്തനല്ലെങ്കിലും ലൊബോറോയുടെ വിജയഫോര്‍മുല തകര്‍ക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് മികേല്‍ സ്റ്റാറേ. ഇരുടീമും നേര്‍ക്കുനേര്‍ വന്നത് 23 കളിയില്‍. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതിലും ഒഡിഷ ഏഴിലും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍.
നിലവില്‍ ബംഗളൂരു എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നാല് മത്സരങ്ങളില്‍ 10 പോയിന്റാണ് ബംഗളൂരു എഫ്‌സി. മൂന്നില്‍ മൂന്നും ജയിചച് പഞ്ചാബ് എഫ്‌സി രണ്ടാമത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ 10-ാം സ്ഥാനത്താണ്.