കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; ആശങ്ക പരിഹരിച്ച് സുതാര്യമാക്കുമെന്ന് മന്ത്രി
പമ്പിംഗ് മുതൽ ബില്ലിംഗ് വരെ സ്വകാര്യ മേഖയ്ക്ക് കൈമാറുന്നത് ജനവിരുദ്ധമെന്ന നിലപാടിലാണ് കൊച്ചി കുടിവെള്ള സംരക്ഷണ സമിതിയും വാട്ടർ അതോറ്റിയിലെ സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള സർവ്വീസ് സംഘടനകളും.
കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സർവ്വീസ് സംഘടനകളടക്കം ഉയർത്തിയ ആശങ്കകൾ പരിഹരിച്ച് സുതാര്യമായ രീതിയിലാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പത്ത് വർഷത്തേയ്ക്ക് വിദേശ കമ്പനിക്ക് കുടിവെള്ള വിതരണ ചുമതല കൈമാറുന്ന പദ്ധതിയിൽ വാട്ടർ അതോറിറ്റിക്ക് തന്നെയാകും മുഖ്യ റോൾ എന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് ആദ്യമായി കുടിവെള്ള വിതരണ ചുമതല വാട്ടർ അതോറിറ്റിയിൽ നിന്ന് വിദേശ കമ്പനിക്ക് കൈമാറുന്ന പദ്ധതി. പൊതുമേഖലയിൽ നിന്ന് സ്വകാര്യ വിദേശ കമ്പനികൾ ഈ ചുമതലയിലെത്തുമ്പോൾ പൊതുവിതരണത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങളും ആശങ്കകളുമാണ് 'ആർക്ക് വച്ച വെള്ളം' എന്ന വാർത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തിയത്. ചർച്ചകളില്ലാതെയാണ് ഉദ്യോഗസ്ഥ സമിതി തീരുമാനങ്ങളെന്ന് ഇടത് സർവ്വീസ് സംഘടനകളടക്കം കടുത്ത വിമർശനവും ഉയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ കൂടുതൽ ചർച്ചകളുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. സോയൂസ് എന്ന വിദേശ കമ്പനിക്ക് ടെണ്ടറിനേക്കാൾ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റർ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. 1.46 ലക്ഷം ഉപഭോക്താക്കൾക്ക് പുതിയ വാട്ടർ മീറ്റർ, പമ്പിംഗ് സ്റ്റേഷനുകളുടെ നവീകരണം,190 ദശലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ പ്ലാന്‍റ് എന്നിവയാണ് പദ്ധതിയിലുള്ളത്. പിന്നാലെ തിരുവനന്തപുരത്തും എഡിബി വായ്പയിൽ തന്നെ ഇത് നടപ്പിലാക്കും. പമ്പിംഗ് മുതൽ ബില്ലിംഗ് വരെ സ്വകാര്യ മേഖയ്ക്ക് കൈമാറുന്നത് ജനവിരുദ്ധമെന്ന നിലപാടിൽ പ്രതിഷേധത്തിലാണ് കൊച്ചി കുടിവെള്ള സംരക്ഷണ സമിതിയും വാട്ടർ അതോറ്റിയിലെ സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള സർവ്വീസ് സംഘടനകളും.