കൊവിഡ് ആശങ്കയിൽ തലസ്ഥാനം, പത്തുദിവസത്തേക്ക് കർശന നിയന്ത്രണം
നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരം കര്‍ശന നിയന്ത്രണത്തിലേക്ക്. പത്തുദിവസത്തേക്കാണ് കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം,പച്ചക്കറി കടകൾ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാർ 50 % മാത്രമേ പാടുള്ളുവെന്നും തിരുവനന്തപുരം മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ദില്ലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി.
ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്നും കോർപറേഷൻ മേയർ അറിയിച്ചു.
അതേ സമയം രോഗവ്യാപനത്തെ കുറിച്ചുളള ഭയം ശക്തമായതോടെ നഗര നിരത്തുകളിലും പൊതുഇടങ്ങളിലും ആള്‍ത്തിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ടയ്ന്‍മെന്‍റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്. എല്ലായിടത്തും പൊലീസ് പരിശോധനകള്‍ ശക്തമാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. ജില്ലാ അതിർത്തിയിലും തീരമേഖലയിലും നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക വ്യാപനത്തെ കുറിച്ചുളള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സെക്രട്ടറിയേറ്റിനു മുന്നിലേതടക്കമുളള സമരങ്ങളിലും ആളകലപാലനം ഉറപ്പാക്കാന്‍ പൊലീസ് നടപടിയെടുക്കും.