കാല്‍നടയായി ശബരിമല യാത്ര, ഭക്തര്‍ക്കൊപ്പം 480 കിലോമീറ്റര്‍ പിന്നിട്ട് മലചവിട്ടാന്‍ നായയും
നവംബർ 17ന് കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹാരയിൽ എത്തിയപ്പോഴാണ് നായ തങ്ങളെ പിന്തുടരുന്ന കാര്യം ശ്രദ്ധിച്ചതെന്ന് ഭക്തർ പറഞ്ഞു.
ചിക്കമംഗളൂരു: ശബരിമലയ്ക്ക് കാൽനടയായി നീങ്ങുന്ന ഭക്തരെ പിന്തുടരുന്ന ഒരു തെരുവുനായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ തിരുമലയിൽനിന്ന് പുറപ്പെട്ട പതിമൂന്ന് ഭക്തർക്കൊപ്പം കൂടിയ നായ 480 കിലോമീറ്റർ പിന്നിട്ട് ചിക്കമംഗളൂർ എത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 31നാണ് തിരുമലയിൽ നിന്ന് ഭക്തരുടെ സംഘം ശബരിമലയിലേക്ക് കാൽനടയായി പുറപ്പെട്ടത്. നവംബർ 17ന് കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹാരയിൽ എത്തിയപ്പോഴാണ് നായ തങ്ങളെ പിന്തുടരുന്ന കാര്യം ശ്രദ്ധിച്ചതെന്ന് ഭക്തർ പറഞ്ഞു. തുടക്കത്തിൽ നായ പിന്തുടരുന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല. ചിക്കമംഗളൂർ എത്തിയപ്പോഴാണ് നായ പുറകിലുണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് തങ്ങളുണ്ടാകുന്ന ഭക്ഷണം നായക്കും കൂടി കൊടുക്കാൻ തുടങ്ങി. എല്ലാ വർഷവും ശബരിമലയിൽ തീർഥാടനത്തിന് പോകാറുണ്ട്. പക്ഷെ ഇതൊരു പുതിയ അനുഭവമാണെന്നും ഭക്തർ കൂട്ടിച്ചേർത്തു.
"
ഇതുവരെ 71,000 പേരാണ് വീഡിയോ കണ്ടത്. 7,000 ലധികം ലൈക്കുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വളരെ ഹൃദയസ്പർശിയായ കാഴ്ചയെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. ശനിയാഴ്ച വൃശ്ചികപ്പുലരിയിലാണ് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നത്. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി ഏകദേശം അമ്പതിനായിരത്തോളം തീർഥാടകർ ശബരിമലയിൽ തീർത്ഥാടനത്തിനായി എത്തിയതായി പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.