Asianet News MalayalamAsianet News Malayalam

എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ അവധിയെടുത്ത് പ്രതിഷേധം; നാളെ സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥർ അവധിയിലേക്ക്

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍.നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്താണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക.

State wide  Protest on the death of ADM Naveen Babu; revenue officials will go on holiday tomorrow
Author
First Published Oct 15, 2024, 9:03 PM IST | Last Updated Oct 15, 2024, 9:03 PM IST

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്താണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുക. നവീൻ കുമാറിന്‍റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂര്‍ എഡിഎം നവീന്‍റെ ബാബുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും. കെ നവീൻ ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എഡിഎമ്മിന്‍റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.


കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച്  കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വ്യാഴാഴ്ച ( 16-10-2024 ) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എഡിഎമ്മിൻ്റെ മരണത്തിന് പിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരു ഉദ്യോഗസ്ഥനെ മനഃപ്പൂർവ്വം  പരസ്യമായി ആക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാപഞ്ചായത്ത് സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തു; ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിൽ

Latest Videos
Follow Us:
Download App:
  • android
  • ios