എസ്എസ്എൽസി പരീക്ഷ നാളെ; സർവസന്നാഹവുമായി സർക്കാർ, കാവലിന് പൊലീസ്

മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും വിദ്യാർത്ഥികൾ പരീക്ഷ എഴുതുക. 

sslc exams will start on Monday

തിരുവനന്തപുരം: മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് നാളെ തുടക്കം. കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി  പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും. 

മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും വിദ്യാർത്ഥികൾ പരീക്ഷ എഴുതുക. അതിതീവ്ര കേന്ദ്രങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേകം ഇരിപ്പിടമുണ്ടാകും. നാളെ ഉച്ചക്ക് ശേഷം എസ്എസ്എൽസി കണക്ക് പരീക്ഷ, രാവിലെ വിഎച്ച് എസ് സി പരീക്ഷ, മറ്റന്നാൾ എസ്എസ്എൽസിക്കൊപ്പം ഹയർസെക്കണ്ടറി പരീക്ഷകളുമായിരിക്കും നടക്കുക. ആകെ 13,72012 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി എസ്എസ്എൽസിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 

എല്ലാ വിദ്യാർത്ഥികളെയും ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരിക്കും സ്കൂളിലേക്ക് കടത്തിവിടുക, ഒരു മുറിയിൽ പരമാവധി 20 പേർ മാത്രമായിരിക്കും ഉണ്ടാവുക. പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുകയും വിദ്യാർത്ഥികൾക്ക് മാസ്ക്കുകൾ നൽകുകയും ചെയ്തു. കുട്ടികളെ രക്ഷിതാക്കൾക്ക് സ്വന്തം വാഹനത്തിൽ കൊണ്ടുവരാം.  വാഹന സൗകര്യം ഉറപ്പാക്കാനുള്ള ചുമതല സ്കൂൾ അധികൃതർക്കാണ്. ചില റൂട്ടുകളിലേക്ക് സഹായത്തിന് കെഎസ്ആർടിസിയുമുണ്ടാകും. 

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ 10920 കുട്ടികൾക്ക് പരീക്ഷാകേന്ദ്രം മാറ്റി അനുവദിച്ചു.  അതി തീവ്ര മേഖലയിലെ പരീക്ഷാ നടത്തിപ്പാണ് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്.  ഹോട്ട് സ്പോട്ടുകളുടെ എണ്ണം ദിവസവും കൂടുന്നതാണ് പ്രശ്നം. അതീതീവ്രമേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷയോടെ പരീക്ഷ നടത്താമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.  കൊവിഡ് കേസുകൾ കൂടുന്നതിനിടെ പ്രതിപക്ഷ നിലപാട് തള്ളി പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുളള സർക്കാർ തീരുമാനം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അതുകൊണ്ടു ഇത്തവണ വിദ്യാർത്ഥികൾക്ക് മാത്രമല്ല സർക്കാരിന് തന്നെ  പരീക്ഷ വലിയ വെല്ലുവിളിയാണ് .
 

Latest Videos
Follow Us:
Download App:
  • android
  • ios