ശബരിമലയിൽ തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായി; നേട്ടമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് 

പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 

Devaswom Board President said that it was an achievement to ensure smooth darshan despite the increase in the number of Sabarimala devotees

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി. എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്  വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത്. 

കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15  കോടി 89  ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 63,0114,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപ്പനയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 12-ാം ദിവസം വരെ അപ്പം വില്പന വഴി ലഭിച്ചത് 3,13,99,245 രൂപയും ഈ തീർത്ഥാടന കാലത്ത്  അപ്പം വില്പനവരവ് 3,53,28,555 രൂപയുമാണ്. അപ്പം വില്പനയിൽ 39,29,310 രൂപയുടെ  അധിക വരുമാനമാണ് കഴിഞ്ഞ വർഷത്തെ (12-ാം  ദിവസം വരെ) അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് (12-ാം  ദിവസം വരെ)  അരവണ വില്പനയിലൂടെ ലഭിച്ചത്  194051790 രൂപയാണ് . ഇത്തവണ 289386310 രൂപയാണ്  അരവണ വില്പനയിലൂടെ ലഭിച്ചത്. അരവണ വില്പനയിലൂടെ  95334520 രൂപയുടെ  അധിക വരുമാനമാണ് കഴിഞ്ഞ  മണ്ഡലകാലത്തെ (12-ാം  ദിവസം വരെ)  അപേക്ഷിച്ച്  ഇത്തവണ ഉണ്ടായിരിക്കുന്നത്.

പമ്പാ നദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങഉരുട്ടൽ തുടങ്ങിയവ ശബരിമല ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കിടയിൽ പരമാവധി ബോധവത്കരണം നടത്തുന്നതിനാണ് ബോർഡിൻറെ ശ്രമം. മാളികപ്പുറത്തടക്കം ഉദ്യോഗസ്ഥരെ നിയോഗിച്ച് കാര്യങ്ങൾ നിയന്ത്രിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുസ്വാമിമാർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകും. വിർച്വൽ ക്യു വിജയകരമായാണ് നടപ്പാക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ പരമാവധി ഭക്തരെ കടത്തിവിടുന്നതിനായി പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളാണ് ആരംഭിച്ചിട്ടുള്ളത്. ഭക്തർ തങ്ങളുടെ ആധാർ കാർഡ് മാത്രം കയ്യിൽ കരുതിയാൽ മതിയാകുമെന്നും പ്രസിഡന്റ് പറഞ്ഞു. 

പതിനെട്ടാം പടിയിൽ പോലീസിന്റെ ഡ്യൂട്ടി സമയം കുറച്ചതും സന്നിധാനത്തെ ക്രമീകരണങ്ങളും  ഭക്തർക്ക് ഏറ്റവും സുഗമമായ ദർശനമാണ് ഉറപ്പാക്കുന്നത്.പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം വിലപ്പെട്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. പമ്പയിലും സന്നിധാനത്തും ചരിതത്തിലാദ്യമായി ജർമ്മൻ ഹാങ്ങർ ഒരുക്കി ഭക്തർക്ക് തണലൊരുക്കുന്നുണ്ട്. ആഗോളഅയ്യപ്പ സംഗമം ഡിസംബർ അവസാന വാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.

READ MORE: ഫിൻജാൽ ചുഴലിക്കാറ്റ്; 13 വിമാനങ്ങൾ റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

Latest Videos
Follow Us:
Download App:
  • android
  • ios