സ്പ്രിംക്ലറിനെ ഒഴിവാക്കി; കൊവിഡ് ഡാറ്റ സി ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സര്‍ക്കാര്‍

ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രം 

Sprinkler will no longer handle  covid 19 data

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല.  ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സര്‍ക്കാര്‍  ഹൈക്കോടതിയിൽ വിശദീകരിച്ചു. 

തുടര്‍ന്ന് വായിക്കാം: എന്തുകൊണ്ട് സ്പ്രിംക്ലര്‍ തന്നെ? ഡാറ്റാ കൈമാറ്റ കരാറിൽ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങൾ ശക്തമായി ഉയര്‍ന്നിട്ടും പിൻമാറാൻ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കം ഒട്ടേറെ ഹര്‍ജികൾ സര്‍ക്കാരിനും കരാരിനും എതിരെ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. 

സംസ്ഥാനത്തെ കൊവിഡ്  ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോൾ സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ആമസോൺ ക്ലൗഡിലെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ സ്പ്രിംക്ലർ ഉദ്യോഗസ്ഥർക്ക്  അനുവാദം ഉണ്ടാകില്ല. അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷന് കരാർ മാത്രമാണ്, കൈവശം ഉള്ള ഡാറ്റകൾ നശിപ്പിക്കാൻ സ്പ്രിംക്ലറിന് നിർദ്ദേശം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

ഡാറ്റ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.  നാഷണൽ ഇൻഫോമാറ്റിക് സെന്ററിൽ നിന്ന് ആവശ്യമായ സഹായങ്ങളുടെ പട്ടിക രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര് വ്യക്തമാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios