സോളാർ; പരാതിക്കാരിയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി
വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തി കേസിന് ബാധകമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെസി വേണുഗോപാൽ നൽകിയ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.
കൊച്ചി: സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തി കേസിന് ബാധകമാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ചാനലുകൾ അവരുടെ ജോലിയാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ അവരെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്നും കോടതി വിധിച്ചു.
സോളാർ കേസിലെ പ്രതിയും, സോളാർ പീഡനക്കേസിലെ പരാതിക്കാരിയുമായ സ്ത്രീ ഉന്നയിച്ച ആരോപണം റിപ്പോർട്ട് ചെയ്തതിനെതിരെയാണ് കെ സി വേണുഗോപാൽ എം പി ക്രിമിനൽ അപകീർത്തി കേസ് നൽകിയത്. ഈ കേസ് റദ്ദാക്കാൻ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അംഗീകരിച്ചു. പരാതിക്കാരി കോടതിക്ക് നൽകിയതായി പറഞ്ഞ കത്താണ് ഏഷ്യാനെറ്റ് ന്യൂസ് 2016ൽ റിപ്പോർട്ട് ചെയ്തത്. കത്തിലെ ഉള്ളടക്കത്തിൽ കെ സി വേണുഗോപാലടക്കമുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് സോളാർ ജുഡീഷ്യൽ കമ്മിഷന് മുൻപാകെയും ഈ കത്ത് വന്നതോടെ ആരോപണത്തിൽ പൊലീസും കേസെടുത്തു.
യുഡിഎഫ് സർക്കാരിനെതിരായ ഗൂഡാലോചന എന്ന ആക്ഷേപത്തിനപ്പുറം വസ്തുകൾ തെളിയിക്കാൻ അപകീർത്തി പരാതിയിൽ വസ്തുതകളില്ലെന്നും കോടതി വിലയിരുത്തി. ഇതോടെ എറണാകുളം സിജെഎം കോടതിയിൽ രജിസ്റ്റർ ചെയ്ത അപകീർത്തി കേസ് ഹൈകോടതി റദ്ദാക്കി. എന്നാൽ പരാതിക്കാരിക്കെതിരായ മറ്റ് നിയമനടപടികൾ തുടരാൻ തടസ്സമില്ലെന്നും കോടതി പറഞ്ഞു.
പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി; 'സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായ നടപടി'
https://www.youtube.com/watch?v=Ko18SgceYX8