'അന്ന് വന്ദനയെ കൊന്നപ്പോൾ സമരമുഖത്ത്, ഇന്ന് കൂടെ ജീവിക്കാനാഗ്രഹിച്ച ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടു'
പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേതാവായിരുന്ന റുവൈസിന്‍റെ പഴയ വീഡിയോകളും സമര ഇടപെടലുകളുമെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയായിരുന്ന ഡോ. എ.ജെ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ. റുവൈസിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷിധമുയരുന്നു. സ്ത്രീധനത്തിന്‍റെ പേരിലുള്ള തർക്കത്തെ തുടർന്ന് റുവൈസുമായി തീരുമാനിച്ചുറപ്പിച്ച വിവാഹം മുടങ്ങുമെന്ന മനോവിഷമത്തിലാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധന മോഹം കൊണ്ട് ഒരു ജീവനെടുത്ത റുവൈസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേതാവായിരുന്ന റുവൈസിന്‍റെ പഴയ വീഡിയോകളും സമര ഇടപെടലുകളുമെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
കേരള മെഡിക്കല്‍ പി.ജി. അസോസിയേഷന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ് ഡോക്ടർമാരുടെ അവകാശങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങൾക്കുമുള്ള പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു. പത്തനംതിട്ട കൊട്ടാരക്കരയിൽ മാസങ്ങൾക്ക് മുമ്പ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിലടക്കം പ്രതിഷേധ പരിപാടികളിൽ സജീവമായിരുന്നു ഇയാൾ. വന്ദന ദാസിന്‍റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ഒരു പ്രസ്താവനയ്ക്കെതിരെ റുവൈസ് നടത്തിയ പ്രസംഗമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഷഹ്നയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'അന്ന് ഡോ. വന്ദനയുടെ കൊലപാതകത്തിൽ സമരമുഖത്ത്, ഇന്ന് കൂടെ ജീവിക്കാനാഗ്രഹിച്ച ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ്' സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങൾ.
ആരോഗ്യ മേഖലയിൽ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം ചെയ്ത ഡോക്ടറാണോ ഇപ്പോള്‍ 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് കൂടെ ജീവിക്കാനാഗ്രഹിച്ച ഒരു ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് ഉയരുന്ന ചോദ്യം. അസോസിയേഷൻ പ്രസിഡന്‍റെന്ന നിലയിലെ അടുപ്പമാണ് ഷഹ്നയുമായുള്ള വിവാഹത്തിലേക്കെത്തിയതെന്ന് സഹോദരൻ പറഞ്ഞിരുന്നു. റുവൈസ് തന്നെയാണ് ഷഹ്നയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യം വീട്ടിലറിയിച്ചതെന്നും കുടുംബം പറയുന്നത്.
അതേസമയം ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായാണ് വിവരം. പൊലീസ് റുവൈസിന്‍റെ മൊബൈൽ ഫോണ്‍ സന്ദേശങ്ങൾ പരിശോധിച്ചിരുന്നു. റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ഡോ. റുവൈസിനെ ആരോഗ്യവകുപ്പ് സർവ്വീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടർ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.
Read More : യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ നടപടിയുമായി സർക്കാർ; ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെൻഡ് ചെയ്തു